Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോർദാനിൽ സോളാർ പ്ലാന്റ് ഒരുക്കി നെബ്രാസ്‌ പവർ കമ്പനി

ദോഹ ∙ ഖത്തർ ഇലക്‌ട്രിസിറ്റി ആൻഡ്‌ വാട്ടർ കമ്പനിയിൽ (ക്യുഇഡബ്ല്യുസി) ഭൂരിപക്ഷം ഓഹരികളുള്ള നെബ്രാസ്‌ പവർ ജോർദാനിലെ ഷാംസ്‌ മാനിൽ നിർമിച്ച സോളർ പ്രോജക്‌ട്‌ കമ്മിഷൻ ചെയ്‌തു. ജോർദാൻ രാജാവ്‌ അബ്‌ദുല്ല രണ്ടാമനാണ്‌ സോളർ പ്ലാന്റ് ഉദ്‌ഘാടനം ചെയ്തത്‌. പ്രധാനമന്ത്രി ഹാനി അൽമുൽകി, മന്ത്രിമാർ, ഉന്നതോദ്യോഗസ്‌ഥർ തുടങ്ങി ഒട്ടേറെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ഇവിടെ ഉൽപാദിപ്പിക്കുന്ന സൗരവൈദ്യുതി ജോർദാൻ നാഷണൽ ഇലക്‌ട്രിക്‌ പവർ കമ്പനി (നെപ്‌കോ) വാങ്ങും.

ഇതിനായി നെബ്രാസും നെപ്‌കോയും തമ്മിൽ 20 വർഷത്തേക്ക്‌ കരാർ ഒപ്പിട്ടു. ലോകത്തെവിടെയും ഊർജാവശ്യം കൂടിവരികയും പാരമ്പര്യ ഊർജസ്രോതസുകൾ കുറഞ്ഞുവരുകയുമാണ്‌. ഈ സാഹചര്യത്തിൽ പുനരുപയോഗക്ഷമമായ ഊർജസ്രോതസുകൾ ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്ന്‌ നെബ്രാസ്‌ ചെയർമാൻ ഫഹദ്‌ ബിൻ ഹമദ്‌ അൽ മുഹന്നദി പറഞ്ഞു.

ഊർജ മേഖലയിൽ ജോർദാനും ഖത്തറും സഹകരണം ശക്‌തമാക്കുന്നതിൽ സന്തോഷമുണ്ടെന്ന്‌ നെബ്രാസ്‌ സിഇഒ ഖാലിദ്‌ ജോലോ പറഞ്ഞു. ക്യുഇഡബ്ല്യുസി(60% ഓഹരി), ഖത്തർ പെട്രോളിയം(20%), ഖത്തർ ഹോൾഡിങ്‌ (20%) എന്നിവ സംയുക്‌തമായി 2014ൽ രൂപംകൊടുത്ത കമ്പനിയാണ്‌ നെബ്രാസ്‌. ഖത്തറിനു പുറത്ത്‌ ഊർജ കമ്പനികൾ നിർമിക്കുകയും നിലവിലുള്ളവ ഏറ്റെടുത്തു വികസിപ്പിക്കുകയുമാണ്‌ നെബ്രാസിന്റെ ലക്ഷ്യം. 100 കോടി ഡോളറാണ്‌ കമ്പനിയുടെ മൂലധനം. വൈദ്യുതോൽപാദനത്തിനു പുറമേ കടൽവെള്ള ശുചീകരണ പ്ലാന്റുകളും കമ്പനി നടത്തുന്നുണ്ട്‌.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.