Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഖത്തറിന്റെ ലോക കപ്പ് പ്രതീക്ഷയ്ക്കു തിരിച്ചടി

qater01

ദോഹ ∙ 2018 റഷ്യ ലോകകപ്പ് യോഗ്യതാ മത്സരത്തിന്റെ ഏഷ്യൻ വിഭാഗത്തിലെ മൂന്നാം റൗണ്ടിൽ ഖത്തറിനു തുടർച്ചയായ മൂന്നാം തോൽവി. ദക്ഷിണ കൊറിയയ്ക്കെതിരെ ഇന്നലെ നടന്ന മത്സരത്തിലും പരാജയപ്പെട്ടതോടെ യോഗ്യത നേടാനുളള ഖത്തറിന്റെ പ്രതീക്ഷകൾ മങ്ങുന്നു. ഇനിയുളള എല്ലാ മത്സരങ്ങളിലും വിജയിച്ചാൽ മാത്രമേ ഖത്തറിനു മുന്നോട്ടു പോകാനാവൂ.

ആദ്യ രണ്ടു മത്സരങ്ങളിൽ ഇറാനോടും ഉസ്ബക്കിസ്ഥാനോടും പരാജയം ഏറ്റുവാങ്ങിയ ഖത്തർ ദക്ഷിണ കൊറിയയോടു രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണു പരാജയപ്പെട്ടത്. സുവോൺ ലോകകപ്പ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അവസാന നിമിഷംവരെ പൊരുതിക്കളിച്ചശേഷമാണു പരാജയപ്പെട്ടതെന്നു ഖത്തറിന് ആശ്വസിക്കാം. പുതിയ പരിശീലകൻ ജോർജ് ഫൊസാറ്റിയുടെ കീഴിൽ ഖത്തറിന്റെ ആദ്യ മത്സരമായിരുന്നു ഇത്.

കൊറിയയ്ക്കായി 11–ാം മിനിറ്റിൽ കി സുങ് യുവേങ്ങും 56–ാം മിനിറ്റിൽ ‍ജി ദോങ് വണും 58 –ാം മിനിറ്റിൽ സോൻഹ്യുങ്മിനും ഗോളുകൾ സ്കോർ ചെയ്തപ്പോൾ, ഖത്തറിനായി പതിനാറാം മിനിറ്റിൽ പെനൽറ്റിയിലൂടെ ഹസൻ അൽ ഹെയ്ദോസാണ് ആദ്യ ഗോൾ സ്കോർ ചെയ്തത്.

45 –ാം മിനിറ്റിൽ സെബാസ്റ്റ്യൻ സോറിയ രണ്ടാം ഗോൾ നേടി. ആദ്യ പകുതിയിൽ ഒരു ഗോളിനു ഖത്തർ മുന്നിലായിരുന്നു. സോൻ ഹ്യുങ് മിനിന്റെ പ്രകടനമാണ് കൊറിയൻ വിജയത്തിൽ നിർണായകമായത്. ആകെ അഞ്ചു ഗോളുകൾ പിറന്ന മത്സരത്തിൽ കൊറിയൻ ക്യാപ്റ്റൻ കി സുങ് ആണ് ഗോൾ വേട്ടയ്ക്കു തുടക്കം കുറിച്ചത്. ആദ്യ ഘട്ടത്തിൽ കൊറിയയുടെ പൂർണ നിയന്ത്രണത്തിലായിരുന്നു മത്സരം.

11–ാം മിനിറ്റിൽ ഗോൾ കീപ്പർ സാദ് അൽ ഷീബിന്റെ മുഴുനീള ഡൈവിങ്ങിനെ മറികടന്നു കീസുങ്ങിന്റെ ഡയഗണൽ ഷോട്ട് ഗോളിൽ കലാശിക്കുകയാ യിരുന്നു. 16–ാം മിനിറ്റിൽ ഖത്തർ തിരിച്ചടിച്ചു.

.കൊറിയൻ ബോക്സിൽ സെബാസ്റ്റ്യൻ സോറിയയെ ഹോങ് ജിയോങ് ഹോ വീഴ്ത്തിയതിനു ലഭിച്ച പെനൽറ്റിയിലൂടെയാണു ഖത്തർ അക്കൗണ്ട് തുറന്നത്. കീക്കെടുത്ത ക്യാപ്റ്റൻ ഹസൻ അൽ ഹെയ്ദോസിനു പിഴച്ചില്ല. 45–ാം മിനിറ്റിൽ ആതിഥേയരെ ഞെട്ടിച്ചു ഖത്തർ മുന്നിലെത്തി. റോഡ്രിഗോ തബാതയുടെ ക്രോസിൽ നിന്നു സോറിയയുടെ കിക്ക് കൊറിയൻ ഗോളി കിം സ്യുങ് ഗ്യൂവിനെ മറികടന്നു ഗോൾവലയിലെത്തി.

രണ്ടാം പകുതിയിൽ കൊറിയ ശക്തമായ ആക്രമണമാണ് അഴിച്ചു വിട്ടത്. 56, 58 മിനിറ്റുകളിൽ നേടിയ ഗോളുകളിലൂടെ ലീഡ് നേടി. പിന്നീടു തിരിച്ചടിക്കാനായിരുന്നു ഖത്തറിന്റെ പോരാട്ടം. പകരക്കാരെ ഇറക്കിയെങ്കിലും ഗോൾ മാത്രം പിറന്നില്ല. പരുക്കൻ കളി പുറത്തെടുത്ത കൊറിയൻ റിപ്പബ്ലിക്കിന്റെ താരങ്ങൾക്കെതിരെ അഞ്ചു മഞ്ഞക്കാർഡുകളാണു റഫറി ഉയർത്തിയത്. ഗ്രൂപ്പ് എയിൽ മൂന്നു മത്സരങ്ങൾ പൂർത്തിയായപ്പോൾ രണ്ടു വീതം വിജയവും ഒരു സമനിലയുമായി ഏഴു പോയിന്റുമായി ഇറാനും കൊറിയയും ഒന്നും രണ്ടും സ്ഥാനങ്ങളിൽ തുടരുന്നു.

രണ്ടു വിജയവും ഒരു തോൽവിയും ഉൾപ്പെടെ ആറ് പോയിന്റുമായി ഉസ്ബക്കിസ്ഥാനാണു മൂന്നാമത്. ഒന്നു വീതം ജയവും തോൽവിയും സമനിലയുമായി നാലു പോയിന്റോടെ സിറിയ നാലാമത്. രണ്ടു തോൽവിയും ഒരു സമനിലയുമായി ഒരു പോയിന്റോടെ ചൈന അഞ്ചാമത്. മൂന്നു മത്സരങ്ങളും തോറ്റ ഖത്തറിനു പോയിന്റ് ഒന്നുമില്ല.

ഇന്നലെ നടന്ന മറ്റു ഗ്രൂപ്പ് മത്സരങ്ങളിൽ സിറിയ ചൈനയെയും ഇറാൻ ഉസ്ബക്കിസ്ഥാനെയും പരാജയപ്പെടുത്തിയിരുന്നു. മൂന്നാം റൗണ്ടിലെ ആദ്യഘട്ടത്തിൽ ഇനി ഖത്തറിനു രണ്ടു മത്സരങ്ങളാണുളളത്. 11 നു ദോഹ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ സിറിയയ്ക്കെതിരെയും നവംബർ 15 നു കുൻമിങിൽ ചൈനയ്ക്കെതിരെയും. തുടർന്ന് അടുത്ത വർഷം മാർച്ച് 23 നു രണ്ടാം ഘട്ട മത്സരങ്ങൾ തുടങ്ങും. ഇനി ആകെ ഏഴു മത്സരങ്ങളാണു ഖത്തറിനുളളത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.