Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുരിതങ്ങൾക്ക് ഒടുവിൽ സൈനുൽ അറബിയ നാട്ടിലേക്ക്

ദോഹ ∙ ഖത്തറിലെ മരുഭൂമിയിൽ വർഷങ്ങളോളം ദുരിത ജീവിതം നയിച്ച തമിഴ്നാട് സ്വദേശിനി സൈനുൽ അറബിയ ഒടുവിൽ നാട്ടിലേക്കു മടങ്ങുന്നു. രേഖകളില്ലാത്തതിനാൽ ഒൻപതു വർഷമായി ഖത്തറിൽ കഴിയുകയായിരുന്ന അവർക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്കു പോകാനുള്ള സൗകര്യങ്ങൾ ചെയ്തു കൊടുത്തത് ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം ആംനസ്റ്റി ഹെൽപ് ഡെസ്‌ക്കാണ്.

സൈനുൽ അറബിയയ്ക്ക് നാടണയാനുള്ള രേഖകൾ സോഷ്യൽ ഫോറം ഹെൽപ്പ് ഡെസ്‌ക് ഓഫിസിൽ നടന്ന ചടങ്ങിൽ കൈമാറി. ക്വാളിറ്റി ഗ്രൂപ്പ് ഇന്റർനാഷനൽ നൽകിയ വിമാന ടിക്കറ്റ് ഇന്ത്യൻ മീഡിയ ഫോറം ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ കൈമാറി. ക്വാളിറ്റി നൽകിയ സാമ്പത്തിക സഹായവും വേദിയിൽ വച്ച് നൽകി.

എംബസിയിൽ നിന്നു ലഭിച്ച വിടുതൽ രേഖ ഖത്തർ ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം ഡൽഹി ഘടകം പ്രസിഡന്റ് സഫർ അഹമ്മദും സോഷ്യൽഫോറം വനിതാവിങ് സമാഹരിച്ച തുക അബ്ബാസ് രാമനാട്ട് കരയും കൈമാറി.

വീട്ടുജോലിക്കായി ഖത്തറിൽ എത്തിയ സൈനുൽ അറബിയയെ സൗദി അതിർത്തിയിലുള്ള മരുഭൂമിയിൽ ആടുകളെയും ഒട്ടകങ്ങളെയും മേയ്ക്കാനായി നിയോഗിക്കുകയായിരുന്നു. നാട്ടിൽ ഇടഞ്ഞു പൊളിയാറായ വീട് മാത്രമുള്ള സൈനുൽ അറബിയയ്ക്ക് വീടുവയ്ക്കുന്നതിനും മറ്റുമുള്ള സഹായങ്ങൾ നൽകാനായി ഖത്തറിലെ ചില വ്യാപാരികൾ തയാറായിട്ടുണ്ട്.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.