Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തുർക്കി വീസ നടപടികൾ രണ്ടു കമ്പനികൾക്ക്

visa

ദോഹ ∙ തുർക്കി വീസ അപേക്ഷാ നടപടിക്രമങ്ങൾ രണ്ടു കമ്പനികൾക്ക് ഔട്ട്സോഴ്സ് ചെയ്തു. നവംബർ ഒന്നു മുതൽ ഈ കമ്പനികൾ മുഖേന മാത്രമേ തുർക്കി വീസയ്ക്കായി അപേക്ഷിക്കാൻ കഴിയൂവെന്നു തുർക്കി അംബാസഡർ അഹമദ് ഡെമിറോക് അറിയിച്ചു. ജൈദ സ്ക്വയറിലെ വിഎഫ്എസ് ഗ്ലോബൽ, അൽ ഗരാഫ അൽ എത്തിഹാദ് സ്ട്രീറ്റിലെ കിങ്സ്റ്റൺ ട്രാവൽസ് എന്നിവർ വഴിയാണ് അപേക്ഷിക്കേണ്ടത്. ഇരുകമ്പനികളുമായും എംബസി ഇതുസംബന്ധിച്ച കരാർ ഒപ്പുവച്ചു.

വീസ നടപടികൾ കൂടുതൽ സുഗമമാക്കാൻ ഇതുവഴി കഴിയുമെന്ന് എംബസി അധികൃതർ അറിയിച്ചു. തുർക്കിയിലേക്കു ഖത്തറിൽനിന്നു കൂടുതൽ വിനോദസഞ്ചാരികളെ പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞവർഷം മുതൽ ഖത്തർ സ്വദേശികൾക്കു തുർക്കി സന്ദർശിക്കുന്നതിനു വീസ ആവശ്യമില്ല. കഴിഞ്ഞ വർഷം 25,000 ഖത്തരികൾ തുർക്കി സന്ദർശിച്ചതായി എംബസി അറിയിച്ചു. കഴിഞ്ഞവർഷം 10,500 വീസ അപേക്ഷകളാണു ഖത്തറിലെ തുർക്കി എംബസിക്കു ലഭിച്ചത്. കഴിഞ്ഞ മൂന്നുമാസംകൊണ്ടു മാത്രം അയ്യായിരത്തിലധികം വീസ അപേക്ഷകളിൽ നടപടി സ്വീകരിച്ചു.

ഖത്തറിൽനിന്നു തുർക്കി സന്ദർശിക്കാനുള്ളവരുടെ അപേക്ഷ കൂടുതലാണ്. കഴിഞ്ഞ വർഷം മുതൽ ഓൺലൈൻ വീസ സംവിധാനം ഏർപ്പെടുത്തിയിട്ടും അപേക്ഷിക്കുന്ന എല്ലാവർക്കും വീസ ലഭ്യമാക്കാൻ കഴിഞ്ഞില്ല. പുതുതായി രണ്ടു കമ്പനികളെ വീസ നടപടികൾക്കായി ചുമതലപ്പെടുത്തിയതോടെ കൂടുതൽ പേർക്കു വീസ നൽകാൻ കഴിയുമെന്ന് തുർക്കി അംബാസഡർ പറഞ്ഞു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.