Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘വസ്മി’യുടെ വരവറിയിച്ച്‌ 16ന്‌ ആദ്യമഴ പൊഴിയും

vasmi

ദോഹ ∙ ഖത്തറിൽ ഏറ്റവുമധികം മഴ ലഭിക്കുന്ന ‘വസ്‌മി’ ഋതുവിന്‌ ഒക്‌ടോബർ മധ്യത്തോടെ തുടക്കമാകും. വസ്‌മിയുടെ വരവറിയിച്ച്‌ 16ന്‌ സാമാന്യം മഴപെയ്യുമെന്നാണ്‌ കാലാവസ്‌ഥാ നിരീക്ഷണ വിഭാഗത്തിന്റെ പ്രവചനം.

ഇത്തവണ വസ്‌മി സീസൺ 52 ദിവസം നീളും. കടുത്തചൂടിനും കൊടുംതണുപ്പിനും ഇടയിലുള്ള പരിവർത്തന കാലമാണ്‌ ഈ ഋതു. ഖത്തറിൽ കൃഷിപ്പണികൾക്ക്‌ ഊർജിതമാകുന്നതും കിഴങ്ങുവർഗത്തിൽപ്പെട്ട ചെടികൾ സ്വയം മുളച്ചുപൊന്തുന്നതും ഈ സമയത്താണ്‌.

വസ്‌മി സീസണിൽ അന്തരീക്ഷത്തിൽ രൂപംകൊള്ളുന്ന മേഘങ്ങളെല്ലാം നീരാവി നിറഞ്ഞതാവും. ഇന്ത്യൻ മൺസൂൺ ദുർബലമാകുമ്പോഴാണ്‌ ഖത്തറിൽ വസ്‌മി സീസൺ ആരംഭിക്കുന്നത്‌. കേരളത്തിലെ തുലാവർഷത്തിനു സമാനമായ രീതിയിൽ ഉച്ചയ്‌ക്കുശേഷം കാർമേഘങ്ങൾ നിറഞ്ഞ്‌ സായാഹ്‌നത്തോടെ പെയ്യുന്ന മഴയാണ്‌ വസ്‌മി ഋതുവിന്റെ പ്രത്യേകത. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഭിക്കുന്ന മഴയുടെ അളവ്‌ വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും വെള്ളക്കെട്ടിനുപോലും ഇടയാക്കുന്ന തരത്തിൽ സാമാന്യം കനത്തമഴ തുടക്കത്തിൽ ലഭിക്കുമെന്നാണു മുന്നറിയിപ്പ്. മധ്യഖത്തറിലും വടക്ക്‌, പടിഞ്ഞാറൻ മേഖലകളിലുമാണു മഴ ലഭിക്കുക.

ആദ്യമഴയ്‌ക്കു ശേഷം അന്തരീക്ഷ താപനില 30-35 ഡിഗ്രി സെൽഷ്യസിലേക്ക്‌ താഴും. ഉച്ചച്ചൂട്‌ സുഖകരമാവുമ്പോൾ രാത്രികൾക്കു തണുപ്പേറും. വസ്‌മി ഋതുവിന്റെ തുടക്കത്തിൽതന്നെ മഴ പെയ്യുന്നത്‌ ഈ വർഷം കൂടുതൽ മഴ ലഭിക്കുമെന്നതിന്റെ സൂചനയാണെന്നും കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം പറയുന്നു. ആദ്യമഴയെത്തുടർന്ന്‌ റഖ്‌റോഖ്‌, അൽ ഫഖാ തുടങ്ങിയ പ്രാദേശിക ചെടികൾ പുഷ്‌പിച്ചു തുടങ്ങും. 16നു സാമാന്യം കനത്ത മഴ പെയ്യുമെന്നതിനാൽ വെള്ളക്കെട്ടു പോലുള്ള പ്രശ്‌നങ്ങൾ ഒഴിവാക്കാൻ മുൻകൂട്ടി നടപടിയെടുക്കണമെന്ന്‌ ആഭ്യന്തര മന്ത്രാലയം, സിവിൽ ഡിഫൻസ്‌, സ്‌കൂളുകൾ, ആരോഗ്യവകുപ്പ്‌ അധികൃതരോട്‌ കാലാവസ്‌ഥാ നിരീക്ഷണവിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്‌.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.