Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹജ് ചടങ്ങുകൾക്ക് ഇന്നു തുടക്കം

camp അറഫയിലെ ഇന്ത്യന്‍ ഹജ് ക്യാംപ്

മക്ക∙ ഹജ് കർമത്തിന്റെ മുഖ്യ ചടങ്ങുകൾക്ക് ഇന്നു തുടക്കമാകും. നാളെയാണ് അറഫ സംഗമം. ഇന്നലെ രാത്രി നമസ്കാരത്തിനു ശേഷം മിനായിലേക്കുള്ള എല്ലാ വഴികളും തീർഥാടകർക്കായി തുറന്നു.

അർധരാത്രിയോടെ തീർഥാടകർ മിനാ താഴ്‌വരയിൽ എത്തിത്തുടങ്ങി. ഇന്ന് ഉച്ചയോടെ മുഴുവൻ തീർഥാടകരും എത്തുന്നതോടെ കൂടാരനഗരി തൽബിയത്ത് ധ്വനികളാൽ മുഖരിതമാകും. തീർഥാടകർ ഇന്നു മിനായിൽ താമസിച്ച് നാളെ പുലർച്ചെ സുബ്ഹി നമസ്കാരത്തിനു ശേഷം അറഫയിലേക്കു നീങ്ങും. അസ്തമയം വരെയാണ് അറഫയിൽ കഴിച്ചുകൂട്ടുക. തുടർന്നു മുസ്ദലിഫയിലേക്ക്.

മഗ്‌രിബ്, ഇശാ നമസ്കാരങ്ങൾ ഇവിടെ നിർവഹിക്കും. രാത്രി മുസ്ദലിഫയിൽ തങ്ങി തിങ്കളാഴ്ച സുബ്ഹി നമസ്കാരാനന്തരം ജംറത്തുൽ അഖ്ബയിൽ കല്ലേറുകർമം നടത്തും. തുടർന്നു ബലികർമം നടത്തി തല മുണ്ഡനം ചെയ്തു ഹജ്ജിന്റെ പ്രധാന ചടങ്ങുകൾ പൂർത്തിയാക്കും. ഇഹ്റാമിന്റെ വസ്ത്രം അഴിച്ചുമാറ്റി പുതുവസ്ത്രങ്ങളണിഞ്ഞു പെരുന്നാൾ ആഘോഷിക്കും. മിനായിലേക്കു മടങ്ങുന്ന ഹാജിമാർ ബുധനാഴ്ച ചടങ്ങുകൾ പൂർത്തിയാക്കും.


തീർഥാടകർക്ക് നിർദേശങ്ങളുമായി ഇന്ത്യൻ എംബസി

മക്ക∙ ഇന്ത്യയിൽ നിന്ന് എത്തിയ തീർഥാടകരിൽ നാല് മലയാളികളടക്കം 54 ഇന്ത്യക്കാർ ഇതുവരെ മരിച്ചു. ആശുപത്രിയിലുള്ള 10 മലയാളികളെ അറഫ സംഗമത്തിന് എത്തിക്കാനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് ഹജ്ജിന് എത്തിയ മുഴുവൻ തീർഥാടകർക്കും സുരക്ഷിതമായും സുഗമമായും ഹജ് കർമം പൂർത്തീകരിക്കുന്നതിന് എല്ലാ ഒരുക്കങ്ങളുമായതായി അധികൃതർ അറിയിച്ചു.

തീർഥാടകരുടെ ക്ഷേമപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നതിന് ഇന്ത്യൻ സ്ഥാനപതി അഹമ്മദ് ജാവേദ് മിനായിൽ ക്യാംപ് ചെയ്യുകയാണ്. മിന, അറഫ, മുസ്ദലിഫ യാത്രകളെക്കുറിച്ചും അവിടെ നിർവഹിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ഇന്നലെ ഇന്ത്യൻ ക്യാംപുകളിൽ ക്ലാസുകൾ നടത്തി. തീർഥാടകർക്ക് കുടയും ഹാൻഡ് ബാഗും നൽകി. സുരക്ഷാ കാരണങ്ങളാൽ ട്രെയിൻ യാത്രക്കാരുടെ എണ്ണം കുറച്ചതിനാൽ ഹജ് കമ്മിറ്റി മുഖേന വന്നവരിൽ 65,000 പേർക്ക് മാത്രമാണ് മശാഇർ യാത്രാ സൗകര്യം ലഭ്യമാകുക.

Your Rating: