Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ത്രി ജലീലിനു നയതന്ത്ര പാസ്‌പോർട്ട് നിഷേധിച്ചു; സൗദി യാത്ര ത്രിശങ്കുവിൽ

kt-jaleel

തിരുവനന്തപുരം∙ സൗദി അറേബ്യയിൽ ജോലി നഷ്ടമായി കുടുങ്ങിയ തൊഴിലാളികൾക്കു സഹായമെത്തിക്കാൻ സൗദിയിലേക്കു പുറപ്പെടാനിരുന്ന മന്ത്രി കെ.ടി.ജലീലിനു കേന്ദ്ര വിദേശകാര്യമന്ത്രാലയം നയതന്ത്ര പാസ്‌പോർട്ട് നിഷേധിച്ചു. ഇതോടെ യാത്ര അനിശ്ചിതത്വത്തിലായി. കാരണം വ്യക്തമാക്കാതെയാണു പാസ്പോർട്ട് നിഷേധിച്ചത്.

മന്ത്രിയും തദ്ദേശവകുപ്പു സെക്രട്ടറി വി.കെ.ബേബിയും ഇന്നു സൗദിയിലേക്കു തിരിക്കാനാണു തീരുമാനിച്ചിരുന്നത്. പാസ്പോർട്ടിന് അപേക്ഷിച്ചിട്ടുണ്ടെന്നും ഇന്നു വൈകിട്ടോടെ യാത്ര തിരിക്കാൻ കഴിഞ്ഞേക്കുമെന്നും മന്ത്രി വൈകിട്ടു പറഞ്ഞെങ്കിലും രാത്രിയോടെ അനുമതി നിഷേധിച്ച സന്ദേശമെത്തി. മുഖ്യമന്ത്രി പിണറായി വിജയനുമായി മന്ത്രി അടിയന്തര ചർച്ച നടത്തിയെങ്കിലും യാത്രയെക്കുറിച്ചു തീരുമാനമെടുക്കാൻ കഴിഞ്ഞിട്ടില്ല.

സാധാരണ പാസ്‌പോർട്ടിൽ പോയാൽ ഒരുവിധ നിയമപരിരക്ഷയും ലഭിക്കില്ലെന്നും അതിനാൽ നയതന്ത്ര പാസ്‌പോർട്ട് ഇല്ലാതെയുള്ള യാത്ര കൊണ്ടു പ്രയോജനമില്ലെന്നും ജലീൽ പറഞ്ഞു. മലയാളികൾക്കു ലഭിക്കാമായിരുന്ന നിയമസഹായ പരിരക്ഷയ്ക്കുള്ള അവസരമാണു നിഷേധിച്ചത്. ഇതിനു പിന്നിൽ എന്തെങ്കിലും ലക്ഷ്യങ്ങളുണ്ടോ എന്നറിയില്ല.

ഉത്തർപ്രദേശിൽ നിന്നാണ് ഏറ്റവുമധികം ആളുകൾ സൗദിയിൽ കുടുങ്ങിയതായി അറിയുന്നത്. കേരളത്തിൽ നിന്നു സർക്കാർ പ്രതിനിധി പോയാൽ യുപിയിൽ നിന്നും വിടേണ്ട സാഹചര്യമുണ്ടാവാം. യുപി തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ ഇതിനു പിന്നിൽ രാഷ്ട്രീയമുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു – മന്ത്രി പറഞ്ഞു.

ലേബർ ക്യാംപുകളിൽ ഔദ്യോഗികമായി സന്ദർശനം നടത്താൻ അനുമതി ലഭിക്കില്ലെങ്കിലും റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലെ ക്യാംപുകളിൽ അനൗദ്യോഗികമായെങ്കിലും തൊഴിലാളികളെ കാണാൻ ശ്രമിക്കുമെന്നും മന്ത്രി നേരത്തേ അറിയിച്ചിരുന്നു. സംസ്ഥാന സർക്കാരിനു പരിമിതികളുണ്ടെങ്കിലും കഴിയുന്ന എല്ലാ സഹായങ്ങളും നൽകാനാണു ശ്രമം. സൗദിയിലെ ഇന്ത്യൻ എംബസിയിലേക്കു രേഖകൾ അയച്ചിട്ടുണ്ടെന്നാണു വിദേശകാര്യമന്ത്രാലയം അറിയിച്ചത്.

സൗദിയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഇപ്പോഴും ലഭ്യമായിട്ടില്ല. മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നു വ്യത്യസ്തമായി സൗദിയിൽ നിന്നു വിവരങ്ങൾ ലഭിക്കാൻ ബുദ്ധിമുട്ടുണ്ട്. ബന്ധുക്കളും പരാതികൾ നൽകിയിട്ടില്ല. ദമാമിൽ മലയാളികൾ കുടങ്ങിക്കിടക്കുന്നുണ്ടെന്നു വീണ ജോർജ് എംഎൽഎ പരാതി നൽകിയിട്ടുണ്ട്. അക്കാര്യം അന്വേഷിച്ചുവരികയാണ്. എണ്ണവിലയിടിവും സ്വദേശിവൽക്കരണവും മൂലം ഗൾഫ് രാജ്യങ്ങളിൽ ഒട്ടേറെ മലയാളികൾക്കു തൊഴിൽ നഷ്ടമാകുന്നുണ്ട്. ജോലി നഷ്ടമായി തിരിച്ചെത്തുന്നവർക്കായി പുനരധിവാസ പാക്കേജിനു രൂപംനൽകുമെന്നും മന്ത്രി അറിയിച്ചു.

Your Rating: