Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദി: തിരിച്ചുവരുന്നവർക്ക് എക്സിറ്റ് വീസ, തുടരുന്നവർക്കു മറ്റു കമ്പനികളിൽ ജോലി

visa

ന്യൂഡൽഹി ∙ ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് തൊഴിൽ നഷ്ടപ്പെടാനിടയാക്കിയ സൗദി അറേബ്യയിലെ പ്രതിസന്ധിക്കു പരിഹാരമായെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ലോക്സഭയെ അറിയിച്ചു. ഇന്ത്യയുടെ അഭ്യർഥന പരിഗണിച്ച് വിഷയത്തിൽ ഇടപെടാനും ഉദ്യോഗസ്ഥന്മാർക്കു നിർദേശങ്ങൾ നൽകാനും സൗദി ഭരണാധികാരി സാൽമാൻ രാജാവ് തയാറായതാണ് തൃപ്തികരമായി പ്രശ്നം പരിഹരിക്കാൻ ഇടയാക്കിയതെന്ന് സുഷമ സ്വരാജ് പറഞ്ഞു. രണ്ടു നടപടികളാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നതെന്ന് അവർ വിശദമാക്കി.

ഒന്ന്–തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചു വരാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് എക്സിറ്റ് വീസ നൽകും. ഇവർ താമസിക്കുന്ന ക്യാംപുകളിൽ സൗജന്യ ഭക്ഷണവും വൈദ്യസഹായവും ഏർപ്പെടുത്തും. രണ്ട്–സൗദി അറേബ്യയിൽത്തന്നെ തുടരാൻ ആഗ്രഹിക്കുന്നവർക്ക് മറ്റു കമ്പനികളിൽ വീണ്ടും ജോലി ലഭിക്കുന്നതിനു സൗകര്യം ഒരുക്കും. ഇന്ത്യക്കാരായ തൊഴിലാളികളുടെ വിഷമസ്ഥിതി പരിഹരിക്കുന്നതിന് സൗദി ഭരണാധികാരി നടപടി സ്വീകരിച്ചു എന്ന് അറിയിക്കാൻ സന്തോഷമുണ്ട്– സുഷമ സ്വരാജ് സഭയിൽ പറഞ്ഞു.

രണ്ടു ദിവസത്തിനുള്ളിൽ പ്രശ്നത്തിനു പരിഹാരം കാണണമെന്ന് സൗദി രാജാവ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. സൗദി രാജാവിനോടും സർക്കാരിനോടുമുള്ള നന്ദിയും മന്ത്രി അറിയിച്ചു. സൗദി അറേബ്യയിൽ നിന്നു മടങ്ങി വരാനാഗ്രഹിക്കുന്ന തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് ഇന്ത്യക്ക് ചെലവുണ്ടാകില്ലെന്നും സുഷമ സ്വരാജ് പറഞ്ഞു.

മുഴുവൻ ചെലവും സൗദി സർക്കാർ വഹിക്കും. മടങ്ങിപ്പോരുന്ന തൊഴിലാളികൾ കമ്പനികളിൽ നിന്നു കിട്ടാനുള്ള ശമ്പളത്തിന്റെയും ആനുകൂല്യങ്ങളുടെയും കണക്ക് ലേബർ ഓഫിസിനെ അറിയിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഈ തുക ഓരോരുത്തർക്കും ലഭ്യമാക്കാൻ റിയാദിലെ ഇന്ത്യൻ എംബസി സൗദി ലേബർ ഓഫിസുമായി ബന്ധപ്പെട്ട് ശ്രമിക്കും.

സൗദി അറേബ്യയിലുള്ള കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് ഇതു സംബന്ധിച്ച് സൗദി അറേബ്യയുമായി ഒൗദ്യോഗികമായി കരാറുകളിൽ ഒപ്പു വയ്ക്കുമെന്നും സുഷമ സ്വരാജ് പറഞ്ഞു. സൗദി അറേബ്യയിൽ തൊഴിൽ രഹിതരായി ക്യാംപുകളിൽ കഴിയുന്ന പതിനായിരത്തോളം ഇന്ത്യക്കാരെ തിരിച്ചു കൊണ്ടുവരാൻ നടപടിയെടുക്കുമെന്ന് മന്ത്രി കഴിഞ്ഞ ആഴ്ച പാർലമെന്റിൽ പറഞ്ഞിരുന്നു.

Your Rating: