Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദി തൊഴിൽ പ്രതിസന്ധി: നാട്ടിലേക്കു മടങ്ങാൻ താൽപര്യമുള്ളവർ കുറവ്

workers

ജിദ്ദ ∙ തൊഴിൽ പ്രതിസന്ധിയെ തുടർന്ന് സൗദിയിൽ കുടുങ്ങിയ തൊഴിലാളികളിൽ ഇന്ത്യയിലേക്കു മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം വളരെ കുറവ്. ജിദ്ദയിൽ സൗദി ഓജർ കമ്പനിയിലെ ജോലി നഷ്ടമായ ആയിരക്കണക്കിനു തൊഴിലാളികളിൽ നൂറിൽ താഴെ പേർ മാത്രമാണു തിരിച്ചുപോകാൻ സന്നദ്ധത അറിയിച്ചത്. ശമ്പള കുടിശ്ശിക, ആനുകൂല്യങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ ശേഖരിക്കാനും എക്സിറ്റ് വീസ ആഗ്രഹിക്കുന്നുണ്ടോ എന്നറിയുന്നതിനുമായി ഇന്ത്യൻ എംബസിയും കോൺസുലേറ്റും തൊഴിലാളികൾക്കു പ്രത്യേക ഫോം വിതരണം ചെയ്തിരുന്നു.

തുടക്കത്തിൽ കൂടുതൽപേർ നാട്ടിലേക്കു മടങ്ങാൻ താൽപര്യം പ്രകടിപ്പിച്ചെങ്കിലും തിരികെ പോയാൽ ആനുകൂല്യങ്ങൾ ലഭിക്കുമോയെന്ന ആശങ്കയും തൊഴിൽവീസ നഷ്ടവുമാണ് തൊഴിലാളികളെ പുനർവിചിന്തനത്തിനു പ്രേരിപ്പിക്കുന്നത്. വർഷങ്ങളായി ജോലി ചെയ്തു വന്ന ചിലർ സേവനാനന്തര ആനുകൂല്യം ലഭിച്ചാൽ മടങ്ങാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. വലിയ തുക ഒരുമിച്ച് ലഭിക്കുമെന്നതും ആവശ്യമെങ്കിൽ പുതിയ വീസയിൽ തിരികെ വരാമെന്നതുമാണ് കാരണം.

എന്നാൽ, സർവീസ് വളരെ കുറവുള്ളവർ മറ്റെവിടെയങ്കിലും ജോലിയിൽ കയറാൻ ആഗ്രഹിക്കുന്നവരാണ്. സൗദി ഓജർ കമ്പനിയിലെ തൊഴിലാളികൾക്കു വേതനവും സേവനാനന്തര ആനുകൂല്യങ്ങളും മുഴുവനും നൽകുന്നതിനു വിവിധ വകുപ്പുകളുടെ പ്രതിനിധികളടങ്ങിയ പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സർക്കാർ പദ്ധതികൾ നടപ്പാക്കിയ വകയിൽ കമ്പനിക്ക് ധനമന്ത്രാലയത്തിൽനിന്നു ലഭിക്കാനുള്ള മുഴുവൻ പണവും ഈ കമ്മിറ്റിയുടെ പേരിലുള്ള അക്കൗണ്ടിലേക്കു മാറ്റും.

ഇതിൽനിന്നു തൊഴിലാളികളുടെ വേതനവും ആനുകൂല്യങ്ങളും കമ്മിറ്റി നൽകും. ‌സൗദിയിൽ കഴിയുന്ന തൊഴിലാളികൾക്കു നേരിട്ടും രാജ്യംവിട്ടവർക്ക് അതതു എംബസികൾ വഴിയും തുക എത്തിച്ചുനൽകും. വിദേശകാര്യ സഹമന്ത്രി വി.കെ.സിങ് സൗദിയിലെത്തി നടത്തിയ ചർച്ചകളെത്തുടർന്നാണ് ഈ നടപടികൾ കൈക്കൊണ്ടത്. സൗദി തൊഴിൽമന്ത്രാലയത്തിന്റെ ഇടപെടലും കമ്പനി പുനരുജ്ജീവിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളും പ്രതീക്ഷ പകരുന്നുമുണ്ട്.

പുനരധിവാസ പാക്കേജ് തേടി ഇന്ത്യക്കാർ

പ്രതിസന്ധിയിലായ തൊഴിലാളികൾക്കു വിവിധ രാജ്യങ്ങൾ സാമ്പത്തിക സഹായങ്ങൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ത്യക്കാർക്കും പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഒരേ ക്യാംപുകളിൽ കഴിയുന്ന പാക്കിസ്ഥാൻകാർക്കും ഫിലിപ്പീൻസുകാർക്കും അവരുടെ സർക്കാരുകൾ സാമ്പത്തിക സഹായം ചെയ്യുമ്പോൾ ഇന്ത്യക്കാർക്ക് ഒന്നും ലഭിക്കാത്ത അവസ്ഥയാണ്. പാക്ക് തൊഴിലാളികളുടെ നാട്ടിലെ അക്കൗണ്ടിലേക്കു പാക്കിസ്ഥാൻ സർക്കാർ അടിയന്തര സഹായമായി 50,000 പാക്‌ രൂപ വീതം നൽകുന്നുണ്ട്.

ഫിലിപ്പീൻസ് സർക്കാർ തങ്ങളുടെ എംബസിവഴി പ്രതിസന്ധിയിൽ കഴിയുന്ന ഓരോ പൗരനും 2200 സൗദി റിയാൽ വീതമാണു നൽകുന്നത്. എട്ടുമാസത്തെ ശമ്പളകുടിശ്ശിക ലഭിക്കാൻ കാലതാമസം വരുമെന്നതിനാൽ ഇക്കാലയളവിൽ സ്വന്തം ചെലവിനും മറ്റും എങ്ങനെ പണം കണ്ടെത്തുമെന്ന ആശങ്കയിലാണ് ഇന്ത്യൻ‌ തൊഴിലാളികൾ. സാമൂഹിക പ്രവർത്തകരുടേയും മറ്റും സഹായങ്ങൾക്കു പരിമിതിയുണ്ടെന്നും ഈ വിഷയത്തിലും കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നുമാണ് ഇന്ത്യൻ തൊഴിലാളികളുടെ ആവശ്യം.

Your Rating: