Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൊഴിൽ നഷ്ടപ്പെട്ടവർക്ക് താങ്ങായി മലയാളി സംഘം

oger

ദമാം∙സാമ്പത്തികപ്രതിസന്ധിയിലായ സൗദി ഓജർ കമ്പനി തൊഴിലാളികൾ താമസിക്കുന്ന ദമാമിലെ രണ്ടു ലേബർ ക്യാംപുകൾ നവയുഗം സാംസ്കാരികവേദി നേതാക്കളും ജീവകാരുണ്യപ്രവർത്തകരും സന്ദർശിച്ചു. നവയുഗം രക്ഷാധികാരി ഉണ്ണി പൂചെടിയൽ, കേന്ദ്ര കമ്മിറ്റി പ്രസിഡന്റ്‌ കെ.ആർ.അജിത്ത്, ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, നിയമസഹായവേദി കൺവീനർ ഷാൻ പേഴുംമൂട്, നവയുഗം നേതാക്കളായ ബിജു നല്ലില, കെ.എസ്.താജുദ്ദീൻ, പ്രസന്നൻ, നഹാസ്, അഷറഫ് തലശ്ശേരി എന്നിവരാണു ക്യാംപുകൾ സന്ദർശിച്ചു തൊഴിലാളികളുടെ അവസ്ഥ മനസ്സിലാക്കിയത്‌.

മൂന്നു മാസം മുതൽ ഏഴു മാസം വരെ ശമ്പളം ലഭിക്കാത്ത ആയിരത്തോളം തൊഴിലാളികൾ ഈ ക്യാംപുകളിൽ കഴിയുന്നുണ്ട്. അവരിൽ നാനൂറോളം ഇന്ത്യക്കാരും ഉൾപ്പെടുന്നു. ഭൂരിപക്ഷം പേർക്കും ഇഖാമ കാലാവധി കഴിഞ്ഞിട്ടും കമ്പനി പുതുക്കിനൽകിയിട്ടില്ല. അതുമൂലം മെഡിക്കൽ ഇൻഷുറൻസ് ഇല്ലാതായതിനാൽ, ആശുപത്രികളിൽ പോകാൻ കഴിയാത്ത അവസ്ഥയാണ്. മരുന്നോ ചികിത്സയോ കിട്ടാതെ അസുഖം മൂലം വലയുന്ന ധാരാളം തൊഴിലാളികൾ ക്യാംപിൽ ഉണ്ട്. കമ്പനി മെസ് ഉള്ളതിനാൽ ഭക്ഷണത്തിനു മാത്രം തൽക്കാലം പ്രയാസം ഇല്ല. എന്നാൽ ശമ്പളം കിട്ടാത്തതിനാൽ ഇവരുടെ വീടുകളിലെ അവസ്ഥയും ദയനീയമാണ്.

തൊഴിലാളികളുടെ വിവരങ്ങൾ എഴുതിയെടുത്ത നവയുഗം നേതാക്കൾ, വിശദമായ റിപ്പോർട്ട് ഇന്ത്യൻ എംബസിക്ക് കൈമാറിയിട്ടുണ്ട്. മരുന്ന് ആവശ്യമുള്ളവർക്ക് അവ എത്തിച്ചുകൊടുക്കാനുള്ള താൽക്കാലിക സംവിധാനങ്ങളും നവയുഗം ഒരുക്കി.

കൂടുതൽ പേർക്കു ജോലിപോയത് ഓജറിൽനിന്ന്

ന്യൂ‍ഡൽഹി ∙ സൗദി ഓജർ കമ്പനിയിൽനിന്നാണു കൂടുതൽ പേർക്കു തൊഴിൽ നഷ്ടപ്പെട്ടതെന്നു ഇന്ത്യൻ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. ഇവരിൽ 4072 പേർ റിയാദിലും ദമാമിലുമായുള്ള ഒൻപതു ക്യാംപുകളിലും 2153 പേർ ജിദ്ദയിലെ ആറു ക്യാംപുകളിലുമായാണു കഴിയുന്നത്. സാദ് ഗ്രൂപ്പിലെ 1457 പേർക്കുവേണ്ടി ദമാമിൽ രണ്ടു ക്യാംപുകൾ തുറന്നു.

ഷിഫ സനായ കമ്പനിയിലെ അഞ്ചുപേർ റിയാദ് ക്യാംപിലും തായിയ കരാർ കമ്പനിയിലെ 13 പേർ മറ്റൊരു ക്യാംപിലുമാണുള്ളത്. എല്ലാ ക്യാംപുകളും ഇന്ത്യൻ എംബസിയുടെ നിരീക്ഷണത്തിലാണ്.


Your Rating: