Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദിയിലെ തൊഴിൽ പ്രശ്‌നം: 27 പേർ കൂടി ഇന്ത്യയിലേക്ക് മടങ്ങി

qatar-job സൗദി ഓജർ കമ്പനിയിലെ ഖാദിസിയ്യ ക്യാംപിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ച 22 തൊഴിലാളികൾ റിയാദ് വിമാനത്താവളത്തിൽ എംബസി ഉദ്യോഗസ്ഥരായ രാജേന്ദ്രൻ, ടിജി ജേക്കബ്, അനിൽ കുമാർ, ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകൻ മുനീബ് പാഴൂർ എന്നിവരോടൊപ്പം.

റിയാദ് ∙ വിവിധ കമ്പനികളിലെ തൊഴിൽ പ്രശ്‌നങ്ങളിൽപ്പെട്ടു ജോലിയും കൂലിയുമില്ലാതെ മാസങ്ങളായി ദുരിതത്തിൽ കഴിഞ്ഞിരുന്ന ഇന്ത്യക്കാരിൽ 27 പേർ കൂടി നാട്ടിലേക്കു യാത്ര തിരിച്ചു. സൗദി തൊഴിൽ മന്ത്രാലയത്തിന്റെ ഇടപെടലിലൂടെ ശമ്പള കുടിശികയടക്കമുള്ള ആനുകൂല്യങ്ങൾ താമസിയാതെ ലഭ്യമാകുമെന്ന ഇന്ത്യൻ എംബസിയുടെ ഉറപ്പിലാണു മടക്കം. ഇവരെ നാട്ടിലയയ്ക്കുന്നതിനായി എംബസി ക്ഷേമ വിഭാഗം അറ്റാഷേ രാജേന്ദ്രൻ, എംബസി ഉദ്യോഗസ്ഥരായ ടിജി ജേക്കബ്, അനിൽ കുമാർ എന്നിവരും എംബസി വൊളന്റിയർമാരായ മുനീബ് പാഴൂർ, ശിഹാബ് കൊട്ടുകാട് തുടങ്ങിയവരും വിമാനത്താവളത്തിലെത്തിയിരുന്നു. സൗദി ഓജർ കമ്പനിയുടെ ഖാദിസിയ്യ ക്യാംപിൽ കഴിയുന്ന ഇരുന്നൂറ്റി അൻപതിലധികം ഇന്ത്യക്കാരിൽ 22 പേർക്കും തഖസൂസി ക്യാംപിൽ നിന്ന് അഞ്ച് പേർക്കുമാണ് ഇന്നലെ നാട്ടിലേക്കു പോകാൻ ടിക്കറ്റും വീസയും ലഭ്യമായത്.

തഖസൂസി ക്യാംപിൽ നിന്നു റിയാദ് കൊച്ചി സൗദി എയർലൈൻസ് വിമാനത്തിൽ തിരിച്ച അഞ്ച് പേരും മലയാളികളാണ്. ഖാദിസിയ്യ ക്യാംപിൽ നിന്നു 22 പേർ ഡൽഹിയിലേക്കുള്ള സൗദിയ വിമാനത്തിലാണ് പോയത്. ഇനിയും ഇരുന്നൂറിലേറെ പേർ ഈ ക്യാംപുകളിൽ ഇന്ത്യയിലേക്ക് മടങ്ങാൻ തയാറായി നിൽക്കുന്നുണ്ട്. ഇവരിൽ ചിലർക്ക് ഇഖാമ (താമസാനുമതി) കാലാവധി കഴിഞ്ഞതിനാൽ ബാങ്ക് അക്കൗണ്ടുകൾ മരവിച്ചതിനാലും മറ്റ് ചിലർക്ക് എക്‌സിറ്റ് വീസയുടെ കാലാവധി കഴിഞ്ഞതിനാലുമാണ് നാട്ടിലേക്ക് മടങ്ങാൻ സാധിക്കാതെ വന്നത്. ഇവരുടെ പ്രശ്‌നം ഉടനെ പരിഹരിച്ച് നാട്ടിലേക്കയയ്ക്കുമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകൻ മുനീബ് പാഴൂർ പറഞ്ഞു. ഇതുവരെ റിയാദിലെ വിവിധ ക്യാംപുകളിൽ നിന്നു 109 ഇന്ത്യക്കാരെ നാട്ടിലേക്കയച്ചു. ടിക്കറ്റ് നൽകുന്നത് സൗദി തൊഴിൽ മന്ത്രാലയമാണ്.

ദുരിതമനുഭവിക്കുന്ന ക്യാംപുകളിൽ ഭക്ഷണവും തൊഴിൽ മന്ത്രാലയം കരാർ നൽകിയ കാറ്ററിങ് കമ്പനികൾ യഥാസമയം എത്തിച്ചു നൽകുന്നുണ്ട്. നാട്ടിലെത്തുന്നവരെ വീടുകളിലെത്തിക്കുന്ന ഉത്തരവാദിത്തം അതതു സംസ്ഥാന സർക്കാരുകളാണ് വഹിക്കുന്നത്. എന്നാൽ ആദ്യത്തെ 47 പേർ ഒഴികെയുള്ളവരുടെ കാര്യത്തിൽ സംസ്ഥാന സർക്കാരുകൾ താൽപര്യമെടുത്തില്ലെന്നു പരാതിയുള്ളതായി മുനീബ് പറഞ്ഞു. റിയാദിൽ നിന്നു തൊഴിലാളി ക്ഷേമ വിഭാഗം മേധാവി അനിൽ നോട്ട്യാൽ മടങ്ങുന്നവരുടെ മുഴുവൻ വിവരങ്ങളും മന്ത്രാലയത്തെ കൃത്യമായി അറിയിക്കുന്നുണ്ട്. തലസ്ഥാന നഗരിയിലെ ക്യാംപുകളിൽ കഴിയുന്നവരുടെ ക്ഷേമാന്വേഷണങ്ങൾക്കായി ഇന്ത്യൻ എംബസിയും സന്നദ്ധസംഘടനകളും പ്രത്യേക താൽപര്യമെടുക്കുന്നുണ്ടെങ്കിലും വിദൂര സ്ഥലങ്ങളിലെ ചെറിയ ക്യാംപുകളിൽ കഴിയുന്നവരുടെ കാര്യം ഏറെ പരിതാപകരമാണെന്നാണ് എംബസി വൊളന്റിയർമാരുടെ അഭിപ്രായം. ശമ്പളം നൽകാൻ സാധിക്കാത്ത ചില കമ്പനികൾ തൊഴിലാളികൾക്കെതിരെ കള്ളക്കേസ് നൽകി ജയിലിലടച്ചതായും വിവിധ കേന്ദ്രങ്ങളിൽ നിന്നും പരാതി ഉയർന്നിട്ടുണ്ട്.

Your Rating: