Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹജ്: അവസാന കേരള സംഘം മറ്റന്നാൾ മക്കയിലെത്തും

 മക്ക ∙ കേരളത്തിൽനിന്നുള്ള അവസാന സംഘവും മറ്റന്നാൾ വരുന്നതോടെ ഇന്ത്യയിൽനിന്നുള്ള മുഴുവൻ ഹജ് തീർഥാടകരും മക്കയിൽ എത്തിച്ചേരും. അറഫ സംഗമ ദിനം പ്രഖ്യാപിച്ചതിനെത്തുടർന്നു മക്ക ഗവർണർ ഖാലിദ് അൽ ഫൈസലിന്റെ നേതൃത്വത്തിൽ ഹജ് ഒരുക്കങ്ങളുടെ അന്തിമാവലോകനം പൂർത്തിയാക്കി. ഇപ്പോൾ മദീനയിലുള്ള തീർഥാടകരെയെല്ലാം ദുൽഹജ് അഞ്ചിനു മുൻപു മക്കയിലെത്തിക്കണമെന്നു മുതവിഫുമാർക്കു നിർദേശം നൽകി. കരമാർഗം തീർഥാടകർക്കു സൗദിയിൽ പ്രവേശിക്കാനുള്ള സമയം ന്നത്തോടെ അവസാനിച്ചു.  മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിലെല്ലാം പരിശോധന കർശനമാക്കി. വിദേശ തീർഥാടകരുടെ വരവു വർധിച്ചതോടെ വിശുദ്ധനഗരി വിശ്വാസികളാൽ നിറഞ്ഞുതുടങ്ങി.

രണ്ടുമൂന്നു ദിവസംകൂടി തീർഥാടകർക്കു രാജ്യത്തു പ്രവേശിക്കാൻ അനുമതിയുണ്ട്. മദീന തീർഥാടനത്തിലായിരുന്നവരും മക്കയിലേക്കു വരാൻ തുടങ്ങിയതോടെ ഹറം പള്ളിയിലും തിരക്കേറി. മക്കയിൽ കടുത്ത ചൂടാണെങ്കിലും മദീനയിൽ നേരിയ മഴ പെയ്തു. മക്കയിൽ 43 ഡിഗ്രിയായിരുന്നു ചൂട്. മദീനയിലെ പ്രവാചക പള്ളിയിൽ ജുമുഅ നമസ്കാരത്തിനു ഷെയ്ഖ് അബ്ദുൽ ബാരി അൽ തുവൈതി നേതൃത്വം നൽകി. ഹറം പള്ളിയിൽ ഇമാം ഷെയ്ഖ് മാഹിർ ബിൻ അഹമ്മദ് മുഐഖലിയും നേതൃത്വം നൽകി. അറഫയിലും മിനായിലും സൗകര്യങ്ങൾ കുറ്റമറ്റതാക്കാനുള്ള തീവ്രയജ്ഞത്തിലാണു സൗദി അധികൃതർ. തീർഥാടക സുരക്ഷ ഉറപ്പുവരുത്താനുള്ള കർശന നടപടികളും പുരോഗമിക്കുന്നു.

Your Rating: