Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹജ് ചടങ്ങുകൾ പൂർണം; മലയാളികളുടെ മടക്കയാത്ര 29 മുതൽ

haj

മക്ക∙ ഹജ് ചടങ്ങുകൾ പൂർണമായി; തീർഥാടകർ നാടുകളിലേക്കു മടക്കയാത്ര തുടങ്ങി. ഇന്ത്യൻ ഹാജിമാരുടെ മടക്കയാത്ര ശനിയാഴ്ച ആരംഭിക്കും. സംസ്ഥാന ഹജ് കമ്മിറ്റി ചുമതലയുള്ള മലയാളി ഹാജിമാർ 29 മുതൽ മദീനയിൽ നിന്നു നാട്ടിലേക്കു തിരിച്ചുതുടങ്ങും. ഒരാഴ്ച മദീനയിൽ താമസിക്കാൻ സൗകര്യപ്പെടുംവിധമാണു യാത്ര ക്രമീകരിച്ചിട്ടുള്ളത്. ഈ വർഷം 13,25,372 വിദേശികളടക്കം 18,62,909 തീർഥാടകരാണു ഹജ് നിർവഹിച്ചത്. ബുധനാഴ്ച മിനായിലെ ചടങ്ങുകൾ പൂർത്തിയാക്കിയവർ ഹറം പള്ളിയിലെത്തി വിടവാങ്ങൽ ത്വവാഫ് നിർവഹിച്ചു നാട്ടിലേക്കു യാത്രതിരിച്ചു.

ബുധനാഴ്ച മിനായിൽ താമസിച്ചവർ ഇന്നലെ ചടങ്ങുകൾ പൂർത്തിയാക്കി സൂര്യാസ്തമയത്തിനു മുൻപു മിനായിൽ നിന്നു മടങ്ങി. ഇതോടെ, കഴിഞ്ഞ ശനിയാഴ്ച മുതൽ ജനലക്ഷങ്ങളെക്കൊണ്ടു നിറഞ്ഞ മിനാ താഴ്‍വരയിൽ അടുത്ത ഒരു കൊല്ലത്തേക്ക് ആളൊഴിഞ്ഞു. മലയാളി ഹാജിമാർ ബുധൻ വൈകിട്ടോടെ മിനായിൽ നിന്നു മടങ്ങി. തിരക്ക് കണക്കിലെടുത്ത് അവിടെ തങ്ങിയ ഇന്ത്യൻ ഹാജിമാരെല്ലാം ഇന്നലെ വൈകിട്ടോടെ ഹജ് ക്യാംപിൽ തിരി‍ച്ചെത്തി. തുടർന്ന് ഹറം പള്ളിയിൽ എത്തി അവശേഷിക്കുന്ന ത്വവാഫും സഅ്‌യും നിർവഹിച്ചു.

ലക്ഷക്കണക്കിനു ജനങ്ങൾക്കു സുഗമമായി ഹജ് നിർവഹിക്കാൻ വഴിയൊരുക്കാനായി സുരക്ഷാ മേഖലയിലടക്കം ഒട്ടേറെ പുതിയ പദ്ധതികൾ സൗദി സർക്കാർ നടപ്പാക്കിയിരുന്നു. മക്കയെ ഏറ്റവും മികച്ച സ്മാർട് സിറ്റിയാക്കി മാറ്റുമെന്നു മക്ക ഗവർണർ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ അറിയിച്ചു. ജിദ്ദ ഹജ് ടെർമിനൽ ഇന്നലെ തുറന്നു. വിദേശതീർഥാടകർക്കു രാജ്യം വിടേണ്ട അവസാന ദിനമായ മുഹറം 15 വരെയാണു ടെർമിനൽ പ്രവർത്തിക്കുക. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ഉപഹാരമായി എല്ലാ ഹാജിമാർക്കും ഖുർ ആൻ വിതരണം ചെയ്യുന്നുണ്ട്. 15 ലക്ഷം കോപ്പികളും വിവിധ ഭാഷകളിലുള്ള തർജമകളുമാണ് ഒരുക്കിയിട്ടുള്ളത്.

Your Rating: