Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മക്ക ഹറം പള്ളിക്കടുത്തുള്ള ഹജ് ക്യാംപിൽ പാചകത്തിന് വിലക്ക്

haj

മക്ക ∙ ഹറം പള്ളിക്കടുത്തുള്ള ഗ്രീൻ കാറ്റഗറി മേഖലയിലെ താമസ സ്ഥലങ്ങളിൽ പാചകം നിരോധിച്ച് ഹജ് മന്ത്രാലയം ഉത്തരവിറക്കി. കേന്ദ്ര ഹജ് കമ്മിറ്റി വഴിയെത്തിയ 35,000 തീർഥാടകരെ നിയമം സാരമായി ബാധിക്കും. അതേസമയം അസീസിയയിൽ താമസിക്കുന്ന 64,500 പേർക്കു നിയമം ബാധകമല്ല. സൗദി സിവിൽ ഡിഫൻസിന്റെ നിർദേശപ്രകാരം കഴിഞ്ഞ ദിവസമാണു പാചകം നിരോധിച്ചിരിക്കുന്ന വിവരം ഹജ് മന്ത്രാലയം മുതവ്വിഫുമാർ മുഖേന ഇന്ത്യൻ ഹജ് മിഷനെ അറിയിച്ചത്.

ഗ്യാസ് സ്റ്റൗ ഉപയോഗിച്ചുള്ള പാചകം അപകടത്തിന് ഇടയാക്കിയേക്കാമെന്നതാണു വിലക്കിനു കാരണം. നിർദേശം ലഭിച്ചതിനെത്തുടർന്നു കെട്ടിട ഉടമകൾ ഗ്യാസ് സിലിണ്ടറുകളും മറ്റും എടുത്തുമാറ്റി. നിയമലംഘനം നടത്തിയാൽ വൻതുക പിഴ ചുമത്തി കെട്ടിടം മുദ്ര വയ്ക്കും. കേരളത്തിൽനിന്നുള്ള തീർഥാടകർ എത്തുന്നതിനു തലേന്നാണു വിലക്ക് പ്രാബല്യത്തിൽ വന്നത്. ആദ്യസംഘത്തിൽ പലരും നാട്ടിൽനിന്നു പാചകത്തിനുള്ള സാധനങ്ങളുമായാണു വന്നത്.

ഇപ്പോൾ വെള്ളത്തിനുപോലും ഹോട്ടലിനെ സമീപിക്കണമെന്ന അവസ്ഥയാണ്. ഇന്ത്യൻ ഹജ് ക്യാംപിനു സമീപം ഹോട്ടലുകളുണ്ടെങ്കിലും കേരളീയ ഭക്ഷണം ലഭ്യമല്ല. വൈകി ലഭിച്ച വിവരമായതിനാൽ ബദൽ സൗകര്യങ്ങൾ ഏർപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. നിയന്ത്രിത തോതിൽ പാചകവാതകം ഉപയോഗിക്കാനുള്ള അനുമതിക്കു ശ്രമം തുടരുകയാണെന്നു ഹജ് കോൺസുൽ ജനറൽ നൂർ റഹ്മാൻ ഷെയ്ഖ് അറിയിച്ചു.

സൗദി ഹജ് മന്ത്രാലയത്തിന്റെ അറിയിപ്പ് ഇന്ത്യൻ ഹജ് കമ്മിറ്റി സംസ്ഥാനങ്ങൾക്കു കൈമാറിയിട്ടുണ്ട്. തീർഥാടകരെ നാട്ടിൽവച്ചുതന്നെ വിവരം അറിയിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞവർഷം ഹജ് മിഷൻ ഭക്ഷണവിതരണച്ചുമതല ഏറ്റടുത്തിരുന്നെങ്കിലും പരാതിയെത്തുടർന്ന് ഇത്തവണ അത് ഉപേക്ഷിക്കുകയായിരുന്നു. മദീനയിൽ നേരത്തേ തന്നെ പ്രവാചക പള്ളിക്കു സമീപമുള്ള ഹോട്ടലുകളിലും അപാർട്മെന്റുകളിലും പാചകത്തിനു വിലക്കുണ്ട്.

Your Rating: