Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുരക്ഷ: തീർഥാടകരുടെ ഫോൺ നമ്പർ ഹജ് മിഷൻ ശേഖരിക്കും

മക്ക ∙ സുരക്ഷ മുൻനിർത്തി ഇന്ത്യൻ ഹജ് തീർഥാടകരുടെ സൗദിയിലെ ഫോൺ നമ്പരുകൾ സംസ്ഥാനം തിരിച്ചു ശേഖരിക്കുന്നു. എല്ലാ തീർഥാടകരുടെയും പൂർണവിവരങ്ങൾ അതതു ഹജ് മിഷനുകളുടെ പക്കലുണ്ടാകാനും അടിയന്തര സന്ദർഭങ്ങളിൽ ഉപയോഗപ്പെടുത്താനുമാണിത്. മശാഇർ യാത്രയിലുടനീളം തീർഥാടക സുരക്ഷയ്ക്കായി പ്രത്യേക സംഘത്തെയും നിയോഗിച്ചു. മലയാളിയായ സി.എം.അസ്കറാണു സംഘം കോഓർഡിനേറ്റർ. ഹറം പള്ളിയിൽ പ്രാർഥനയ്ക്ക് എത്തുമ്പോഴും മടങ്ങുമ്പോഴും തീർഥാടകരുടെ സേവനത്തിനായി ടാസ്ക് ഫോഴ്സും സജീവമായി.

മലയാളികളായ മുഹമ്മദ് റാഫി, കെ.ഐ.യൂസഫ്, എൻ.കെ.നാസർ എന്നിവർ ടാസ്ക് ഫോഴ്സിലുണ്ട്. അതിനിടെ, വെള്ളിയാഴ്ച നെടുമ്പാശേരിയിൽ നിന്നെത്തിയ ഹാജിമാരിൽ പലരുടെയും ലഗേജുകൾ ക്യാംപിലെത്തിയില്ലെന്നു പരാതിയുണ്ട്. ഗ്രീൻ കാറ്റഗറിയിലേക്കുള്ള ബാഗുകൾ അസീസിയയിലും തിരിച്ചും മാറി ഇറക്കിയതാണു കാരണം. വിമാനസമയ പുനഃക്രമീകരണമാണു ലഗേജ് പ്രശ്നത്തിനിടയാക്കിയതെന്നു പറയുന്നു. മൂന്നു വിമാനങ്ങളിലായി എത്തിച്ച 900 പേരുടെ ലഗേജുകൾ ഒരുമിച്ചു ക്യാംപ് നമ്പർ രേഖപ്പെടുത്താതെ കയറ്റിവിടുകയായിരുന്നുവെന്നാണു വിവരം.

Your Rating: