Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹജ്: കല്ലേറു കർമത്തിന് പ്രത്യേക മാർഗനിർദേശം

hajj

മക്ക ∙ അറഫ പ്രാർഥനയ്ക്കു ശേഷം മുസ്ദലിഫയിൽ രാപാർത്ത തീർഥാടകരെ നേരിട്ടു ജംറകളിലേക്കു കല്ലേറു കർമത്തിനു കൊണ്ടുവരരുതെന്നു വിദേശരാജ്യങ്ങളിൽ നിന്നുള്ള ഹജ് മിഷനുകൾക്കു സൗദി ഹജ് മന്ത്രാലയം നിർദേശം നൽകി.

മുസ്ദലിഫയിൽ നിന്ന് ആദ്യം തീർഥാടകരെ എത്തിക്കേണ്ടതു മിനായിലെ തമ്പുകളിലേക്കാണ്. ആദ്യമായാണ് ഇത്തരം നിയന്ത്രണം ഏർപ്പെടുത്തുന്നത്. ജംറയിൽ പൂർണ സുരക്ഷ ഉറപ്പുവരുത്തുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനുമാണിത്. മറ്റു നിർദേശങ്ങൾ: ഓരോ രാജ്യത്തു നിന്നുമുള്ള തീർഥാടകർക്കു കല്ലേറു കർമം നിർവഹിക്കുന്നതിന് അനുവദിച്ചിട്ടുള്ള സമയക്രമം പാലിക്കണം. സ്വദേശി തീർഥാടകർക്കായി അനുവദിച്ചിട്ടുള്ള സമയത്ത് ഒരു കാരണവശാലും വിദേശ തീർഥാടകർ മുസ്ദലിഫയിൽ നിന്നു നേരിട്ടു ജംറയിൽ എത്തരുത്. ഹറം പള്ളിയിൽ അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെടാതിരിക്കാൻ 50 ശതമാനം തീർഥാടകരെ ദുൽഹജ് 13 വരെ മിനായിൽ താമസിപ്പിക്കണം.

പകുതി തീർഥാടകരെ മാത്രമെ ദുൽഹജ് 12നു മിനാ വിടാൻ അനുവദിക്കുകയുള്ളൂ.

കിസ്‌വ നിർമാണശാലയും മ്യൂസിയവും കാണാം

മക്ക ∙ കിസ്‍വ നിർമാണശാലയും മ്യൂസിയവും സന്ദർശിക്കാൻ ഹജ് തീർ‌ഥാടകർക്കു സൗകര്യമൊരുക്കി. ദിവസവും മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കാണ് അവസരം നൽകുക. ഞായർ, ചൊവ്വാ, വ്യാഴം ദിവസങ്ങളിൽ രാവിലെ ഒൻപതു മുതൽ ഉച്ചയ്ക്ക് രണ്ടു വരെയാണ് സന്ദർശനസമയം. ഹജ്ജിന്റെ മുന്നോടിയായുള്ള കിസ്‍വ കൈമാറ്റം ദുൽഹജ് ഒന്നിനു നടക്കും. അറഫ ദിവസം പുണ്യ കഅബയെ അണിയിക്കാനുള്ളതാണ് ഈ കിസ്‍വ. കഅബയുടെ താക്കോൽ സൂക്ഷിപ്പുകാരൻ കിസ്‍വ ഏറ്റുവാങ്ങും.

Your Rating: