Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ തീർഥാടകരെല്ലാം മക്കയിൽ; ഹജ് ചടങ്ങുകൾ ശനിയാഴ്ച മുതൽ

haj

മക്ക∙ ഇക്കൊല്ലത്തെ ഹജ്ജിന് അനുമതി നേടിയ മുഴുവൻ ഇന്ത്യൻ തീർഥാടകരും മക്കയിലെത്തി. നെടുമ്പാശേരിയിൽ നിന്നുള്ള അവസാന സംഘം ഇന്നലെ രാവിലെ പത്തോടെയെത്തി. സ്വകാര്യ ഏജൻസികൾ വഴിയെത്തിയ തീർഥാടകർ മദീന തീർഥാടനം കഴി‍‍ഞ്ഞ് ഇന്നു വൈകിട്ടോടെ മക്കയിലെത്തും. ശനിയാഴ്ച മുതലാണു ഹജ് കർമങ്ങൾ. തിരക്ക് കണക്കിലെടുത്ത് വെള്ളിയാഴ്ച ഇശാ നമസ്കാരത്തിനു ശേഷം ഇന്ത്യൻ തീർഥാടകരെ മിനായിലേക്കു കൊണ്ടുപോകും.

ദുൽഹജ് എട്ടിനു ളുഹർ നമസ്കാരത്തിന് എല്ലാവരെയും മിനായിൽ എത്തിക്കാനുള്ള ക്രമീകരണങ്ങൾ ഇന്ത്യൻ ഹജ് മിഷൻ നടത്തിവരികയാണ്. പ്രധാനമന്ത്രിയുടെ ഹജ് സൗഹൃദസംഘത്തിലെ അംഗങ്ങളായ മൗലാന ആസാദ് ഊർജ സർവകലാശാല ചാൻസലർ സഫർ സരേഷ്‌വാലയും ഗുജറാത്ത് ഹജ് കമ്മിറ്റി ചെയർമാൻ മെഹബൂബ് അലി ബാവയും മക്കയിലെത്തി. സൗദിയിലെ ഇന്ത്യൻ സ്ഥാനപതി അഹമ്മദ് ജാവേദ്, ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്‌മാൻ ഷെയ്ഖ്, ഡപ്യൂട്ടി കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് തുടങ്ങിയവർ സംഘാംഗങ്ങളെ സ്വീകരിച്ചു. സൗദി രാജാവിന്റെ അതിഥികളായി ഇന്ത്യയിൽനിന്ന് 49 പേരെത്തി.

പി. ഉബൈദുല്ല എംഎൽഎ, പിഎസ്‌സി അംഗം ടി.ടി. ഇസ്മായിൽ, എം.അബ്ദുറഹ്‌മാൻ സലഫി എന്നിവരാണ് ഈ സംഘത്തിലെ മലയാളികൾ. സൗദി ഹജ് മന്ത്രാലയത്തിന്റെ ക്ഷണം അനുസരിച്ച് ഡോ. ജമാലുദ്ദീൻ ഫാറൂഖി, മുജീബ് റഹ്‌മാൻ കിനാലൂർ എന്നിവരും മക്കയിലെത്തിയിട്ടുണ്ട്. ഹജ്ജിനെത്തിയ 41 ഇന്ത്യൻ തീർഥാടകർ ഇതുവരെ മരിച്ചതായി ഹജ് മിഷൻ അറിയിച്ചു. 121 പേർ വിവിധ കാരണങ്ങളാൽ യാത്ര റദ്ദാക്കിയിട്ടുണ്ട്. മദീനയിലുള്ള ഉദ്യോഗസ്ഥരോടും മിനായിൽ എത്താൻ ഇന്ത്യൻ ഹജ് മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ദുൽഹജ് 17നു മദീനയിൽ ഹജ് മിഷന്റെ പ്രവർത്തനം പുനരാരംഭിക്കും

Your Rating: