Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹജ്; ഇന്ത്യൻ തീർഥാടകർക്കുള്ള ഭക്ഷണച്ചുമതല മുതവ്വിഫുമാർക്ക്

hajj

മക്ക ∙ ഹജ്ജിനോടനുബന്ധിച്ചു ദുൽഹജ് എട്ടുമുതൽ 13 വരെ ദിവസങ്ങളിൽ ഇന്ത്യൻ തീർഥാടകർക്കുള്ള ഭക്ഷണം മുതവ്വിഫുമാർ നൽകും. ഈ ദിവസങ്ങളിൽ തീർഥാടകർ സ്വന്തമായി ഭക്ഷണം പാകംചെയ്യുന്നതും പാചകവാതകം ഉപയോഗിക്കുന്നതും നിരോധിച്ചിരിക്കുകയാണ്. ഓരോ മുതവ്വിഫിനും കീഴിലുള്ള ഹാജിമാർക്കു ഭക്ഷണ കൂപ്പൺ നൽകിത്തുടങ്ങി. മിനായിൽ പാചകവാതകത്തിനു പകരം മണ്ണെണ്ണ ഉപയോഗിച്ചാകും പാചകം. ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ഗുണമേന്മ ഉറപ്പാക്കാൻ പരിശോധനാ സംഘം ക്യാംപുകൾ സന്ദർശിക്കും.

തീർഥാടകരുടെ പരാതികൾ സ്വീകരിക്കാൻ എല്ലാ ക്യാംപിലും സൗകര്യമൊരുക്കും. പുണ്യസ്ഥലങ്ങളിൽ ഹജ് ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. മിനാ, അറഫ ഹജ് പാസുകളുടെ വിതരണം തുടങ്ങി. രണ്ടിടത്തും തീർഥാടകർക്കുള്ള കൂടാരങ്ങൾ ഏകദേശം തയാറായി. മശാഇർ യാത്രയ്ക്കുള്ള ട്രെയിൻ ടിക്കറ്റുകളുടെ വിതരണം ആരംഭിച്ചു. ചൂടു കാലാവസ്ഥയിൽ ആരോഗ്യസംരക്ഷണത്തിനു വിവിധ ഭാഷകളിൽ നിർദേശങ്ങളടങ്ങിയ കൈപ്പുസ്തകങ്ങൾ വിതരണം ചെയ്യുന്നുണ്ട്.

സൂര്യാതപമേൽക്കുന്നവരെ എത്രയും വേഗം ആശുപത്രിയിലെത്തിക്കും. പകർച്ചവ്യാധികൾ തടയാനും വിപുല ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ച അറഫയിലേക്കും തിരിച്ചുമുള്ള യാത്രയിൽ സ്വീകരിക്കേണ്ട നിർദേശങ്ങൾ അതതു ക്യാംപുകളിൽ ഹജ് വൊളന്റിയർമാർ തീർഥാടകർക്കു നൽകിത്തുടങ്ങി. തർബിയത്ത് ദിനമായ ശനിയാഴ്ച ഉണ്ടായേക്കാവുന്ന തിരക്കു കണക്കിലെടുത്ത് വെള്ളിയാഴ്ചതന്നെ തീർഥാടകരെ മിനായിലേക്കു കൊണ്ടുപോകും.

അന്നു രാത്രി ഇശാ നമസ്കാരത്തിനുശേഷം യാത്രയ്ക്കു സജ്ജമായിരിക്കാനാണു നിർദേശം. മക്കയിലെ താമസസ്ഥലത്തുനിന്നു ബസിലാകും മിനായിലെത്തുക. അസീസിയയിൽ താമസിക്കുന്നവരെ അവിടെനിന്നു നേരിട്ടു മിനായിലെത്തിക്കും. ഹജ്ജിനുള്ള ഇഹ്റാം വസ്ത്രം ക്യാംപിൽനിന്നുതന്നെ ധരിക്കണം. യാത്രാരേഖകൾ എപ്പോഴും കൈവശം സൂക്ഷിക്കണമെന്നും നിർദേശമുണ്ട്. അസീസിയയിൽനിന്നു ഹറം പള്ളിയിലേക്കും തിരിച്ചുമുള്ള സൗജന്യ ബസ് സൗകര്യം നാളേക്കുശേഷം താൽക്കാലികമായി നിർത്തിവയ്ക്കും. ഹജ്ജിനുശേഷം 17നാകും സർവീസ് പുനരാരംഭിക്കുക.

Your Rating: