Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹജ്: മശാഇർ ട്രെയിൻ യാത്ര 65,000 ഇന്ത്യക്കാർക്കു മാത്രം

haj

മക്ക ∙ ഹജ് കമ്മിറ്റി വഴിയെത്തിയ ഇന്ത്യൻ തീർഥാടകരിൽ ഇക്കുറി മശാഇർ ട്രെയിൻ യാത്രാ സൗകര്യം 65,000 പേർക്കു മാത്രം. സുരക്ഷ മുൻനിർത്തി യാത്രക്കാരുടെ എണ്ണം കുറയ്ക്കാൻ സൗദി ഹജ് മന്ത്രാലയം തീരുമാനിച്ചതിനെ തുടർന്നാണിതെന്ന് ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ഷെയ്ഖ് അറിയിച്ചു. ശേഷിക്കുന്നവർക്കു മിനായിൽ നിന്ന് അറഫയിലേക്കും തിരിച്ചു മുസ്ദലിഫയിലേക്കും അവിടെ നിന്നു മിനായിലേക്കും പ്രത്യേക വാഹനസൗകര്യം ഒരുക്കിയിട്ടുണ്ട്.

സ്വകാര്യസംഘാംഗങ്ങളുടെ യാത്ര ബസ് മാർഗമാണ്. കഴിഞ്ഞവർഷം ഹജ് കമ്മിറ്റിയുടെ കീഴിലെത്തിയ എല്ലാ ഇന്ത്യക്കാർക്കും അറഫ യാത്രയ്ക്കു ട്രെയിൻ സൗകര്യം ലഭിച്ചിരുന്നു. സ്റ്റേഷനുകളിലെ വൻ തിരക്ക് തീർഥാടകർക്കു പ്രയാസം സൃഷ്ടിക്കുന്നതിനാലാണ് എണ്ണം കുറച്ചുകൊണ്ടുള്ള സൗദി നടപടി. ഹജ് കർമങ്ങൾ സുഗമമായി നിർവഹിക്കുന്നതിനാവശ്യമായ എല്ലാ സൗകര്യവും ഒരുക്കിക്കഴിഞ്ഞതായി നൂർ റഹ്മാൻ ഷെയ്ഖ് പറഞ്ഞു. ചൂട് കാലാവസ്ഥമൂലമുള്ള പ്രയാസങ്ങളൊഴിച്ചാൽ തീർഥാടകരുടെ ആരോഗ്യസ്ഥിതിക്കു പ്രശ്നങ്ങളില്ല.

പനി, ചുമ പോലെയുള്ള അസുഖങ്ങളുമായി എത്തിയതിൽ മൂന്നു പേരെ മാത്രമേ മദീനയിൽ കിടത്തി ചികിൽസിക്കുന്നുള്ളു. ഇവരെ അറഫ സംഗമത്തിനെത്തിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. മിനായിൽ ഇന്ത്യൻ ഹജ് മിഷൻ ഓഫിസിനോടനുബന്ധിച്ചു പതിവുപോലെ ആരോഗ്യപരിചരണ വിഭാഗം പ്രവർത്തിക്കുന്നു. സൂര്യാതപമേൽക്കുന്നവർക്ക് അടിയന്തര പരിചരണം നൽകാനുള്ള സംവിധാനവുമുണ്ട്.

Your Rating: