Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറഫ സംഗമത്തിനൊരുങ്ങി തീർഥാടക ലക്ഷങ്ങൾ

Mideast Saudi Arabia Hajj മക്ക ഹറം പള്ളിയിൽ കഅബയെ വലം വയ്ക്കുന്ന ഹജ് തീർഥാടകർ. ഹജ് കർമങ്ങൾക്കു മുന്നോടിയായി തീർഥാടകരെല്ലാം ഒത്തുകൂടിയതോടെ ഭക്തസാഗരമായിരിക്കുകയാണു പുണ്യനഗരം.

മക്ക ∙ അറഫ സംഗമത്തിനുള്ള മനസ്സൊരുക്കവുമായി തീർഥാടക ലക്ഷങ്ങൾ. മക്കയിൽ നിന്നു 16 കിലോമീറ്റർ അകലെയുള്ള അറഫ താഴ്‌വരയിൽ 25 ലക്ഷത്തോളം തീർഥാടകരുടെ സംഗമത്തിന് ഇനി മൂന്നുനാൾ മാത്രം. ത്യാഗസന്നദ്ധനായ ഇബ്രാഹിം നബിയുടെ സ്മരണയിലാണ് അറഫയിലെ മാനവസംഗമം. ഞായറാഴ്ച മധ്യാഹ്നം മുതൽ അസ്തമയം വരെയാണ് അറഫ സംഗമത്തിന്റെ സമയം. ചൂടിനെ പ്രതിരോധിക്കുന്നതും തീപിടിക്കാത്തതുമായ കൂറ്റൻ പന്തലുകൾ അറഫ മൈതാനത്തു തയാറായിക്കഴിഞ്ഞു.

തണൽമരങ്ങൾ നിറഞ്ഞ മൈതാനത്തും തീർഥാടകർ ഒരുമിച്ചുകൂടും. ഹജ് സൗഹൃദ സംഘാംഗങ്ങളുടെ നേതൃത്വത്തിൽ ഇന്ത്യ ഹജ് മിഷൻ അവലോകന യോഗം ചേർന്നു. മിനായിലെയും അറഫയിലെയും സൗകര്യങ്ങൾ വിലയിരുത്തിയ അംഗങ്ങൾ പിന്നീടു ഹജ് ക്യാംപും സന്ദർശിച്ചു. തീർഥാടകരെല്ലാം എത്തിച്ചേർന്നതോടെ ജിദ്ദ കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിലെ ഹജ് ടെർമിനൽ താൽക്കാലികമായി അടച്ചു. മടക്കയാത്രയ്ക്കായി ഇനി ദുൽഹജ് 17നു വീണ്ടും തുറക്കും.

ഹജ് കർമങ്ങൾ നടക്കുന്ന അറഫ, മിനാ, മുസ്ദലിഫ മേഖലകളിൽ പഴുതടച്ച സുരക്ഷയ്ക്കായി ഇരുപതിനായിരത്തോളം സൈനികരെ വിന്യസിച്ചു. ഹജ് കർമത്തിന്റെ പ്രതിഫലം നഷ്ടപ്പെടുത്തുകയും തീർഥാടക സുരക്ഷയ്ക്കു വീഴ്ചയുണ്ടാക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ അരുതെന്നു കിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായ മുഹമ്മദ് ബിൻ നായിഫ് രാജകുമാരൻ പറഞ്ഞു. വിവിധ വകുപ്പുകളുടെ ഹജ് ഒരുക്കങ്ങൾ അദ്ദേഹം വിലയിരുത്തി.

അനുമതിപത്രമില്ലാതെ ഹജ് നിർവഹിച്ചതായി തെളിഞ്ഞാൽ വിദേശികളുടെ ഇഖാമ (താമസാനുമതി) റദ്ദാക്കും. 10 വർഷത്തേക്കു പ്രവേശന വിലക്കുമുണ്ടാകുമെന്നു സൗദി പാസ്പോർട്ട് വകുപ്പ് വിദേശികൾക്കു മുന്നറിയിപ്പു നൽകി. പരാതികളിൽ 24 മണിക്കൂറിനകം തീർപ്പുകൽപിക്കാൻ വകുപ്പിനു കീഴിൽ നീതിന്യായ സമിതികളെ നിശ്ചയിച്ചു. നിയമലംഘനത്തിനു പിടിക്കപ്പെടുന്നവരെ പാർപ്പിക്കാൻ മക്കയിൽ പ്രത്യേക സ്ഥലം സജ്ജീകരിച്ചിട്ടുണ്ട്.

Your Rating: