Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദിക്കെതിരെ ഇന്ത്യൻ പരാമർശമെന്ന് ഇറാൻ ചാനലിൽ വ്യാജവാർത്ത

റിയാദ് ∙ സൗദി ഉപകിരീടാവകാശിയുടെ വിദേശസന്ദർശനങ്ങളെക്കുറിച്ച് ഇന്ത്യ മോശമായി പ്രതികരിച്ചെന്ന മട്ടിൽ ഇറാൻ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ വ്യാജമാണെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ചൈന–ജപ്പാൻ സന്ദർശനങ്ങൾ അർഥശൂന്യമാണെന്നു ഹിന്ദുസ്ഥാൻ ടൈംസ് വെബ്സൈറ്റിനു നൽകിയ അഭിമുഖത്തിൽ മന്ത്രി പരാമർശിച്ചെന്നായിരുന്നു വ്യാജവാർത്ത. വെബ്സൈറ്റിന്റെ വ്യാജരൂപമുണ്ടാക്കിയാണു വാർത്ത നൽകിയിരിക്കുന്നതെന്നും മന്ത്രിയുടെ അഭിമുഖംപോലും പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ഹിന്ദുസ്ഥാൻ ടൈംസ് ഡോട് കോം വ്യക്തമാക്കി.

വാർത്ത കള്ളമാണെന്നും പൂർണമായും കെട്ടിച്ചമച്ചതാണെന്നും വിദേശകാര്യമന്ത്രാലയം ട്വീറ്റ് ചെയ്തതിനു പിന്നാലെ, ഹിന്ദുസ്ഥാൻ ടൈംസിനു നന്ദി അറിയിച്ചു സുഷമയും ട്വീറ്റ് ചെയ്തു. തന്റെ പേരിൽ 17 വ്യാജ അക്കൗണ്ടുകളുണ്ടെന്നും അവർ പറഞ്ഞു. യുഎസ് തന്ത്രത്തിന്റെ ഭാഗമായുള്ള സൗദി രാജകുമാരന്റെ സന്ദർശനം ഗൂഢോദ്ദേശ്യത്തോടെയാണെന്നും ചൈന കരുതിയിരിക്കണമെന്നും സുഷമ പറഞ്ഞതായാണ് അൽ അലാം ന്യൂസ് ചാനലിൽ റിപ്പോർട്ട് വന്നത്. ഇ‌റാന്റെയും ലബനനിലെ ഹിസ്ബുല്ലയുടെയും പിന്തുണയോടെ പ്രവർത്തിക്കുന്ന ചാനലാണിത്. സുദൃഢമായ ഇന്ത്യ–സൗദി ബന്ധത്തിൽ വിള്ളൽ വീഴ്ത്താനുള്ള ഇറാന്റെ ശ്രമം പാളിയെന്ന വിലയിരുത്തലോടെയാണു സൗദി മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

Your Rating: