Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദിയിൽനിന്ന് മടങ്ങിയവരിൽ നാലു മലയാളികളും

thomas സൗദിയിലെ തൊഴിൽപ്രതിസന്ധിയെ തുടർന്നു മടങ്ങിയ റാന്നി സ്വദേശി തോമസ് മുംബൈ വിമാനത്താവളത്തിലെത്തിയപ്പോൾ.

റിയാദ്/ മുംബൈ/ തിരുവനന്തപുരം∙ ജോലി നഷ്ടപ്പെട്ടു സൗദിയിൽ കുടുങ്ങിയ ഇന്ത്യൻ തൊഴിലാളികളിൽ മലയാളി അടക്കം അഞ്ചു പേർ കൂടി നാട്ടിലേക്കു മടങ്ങി. റാന്നി കണ്ടംപേരൂർ കരിംപിലാവ് പതാലിൽ തോമസ് പി. മാത്യു ആണു സംഘത്തിലെ മലയാളി. തോമസ് അടക്കം മൂന്നുപേർ മുംബൈയിലും ഒരാൾ ചെന്നൈയിലും മറ്റൊരാൾ ദുബായ് വഴി ഡൽഹിയിലുമാണു സൗദി സർക്കാരിന്റെ ചെലവിൽ വിമാനമിറങ്ങിയത്. മൂന്നു മലയാളികൾ കൂടി ഇന്നു കൊച്ചിയിലെത്തും.

ഇന്നലെ രാത്രി ഏഴരയോടെ മുംബൈയിലെത്തിയ തോമസിനെ സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം നോർക്ക ഉദ്യോഗസ്ഥർ വിമാനത്താവളത്തിലുണ്ടായിരുന്നു. നാട്ടിലേക്കുള്ള ടിക്കറ്റിനും അതുവരെ മുംബൈയിൽ താമസത്തിനുമുള്ള ക്രമീകരണം ഏർപ്പെടുത്തിയിരുന്നെങ്കിലും ഭാര്യ ലിസിയും മറ്റു ബന്ധുക്കളും മുംബൈ അംബർനാഥിൽ ഉളളതിനാൽ ഏതാനും ദിവസത്തിനു ശേഷമേ നാട്ടിലേക്കു മടങ്ങൂ. ജനറേറ്റർ മെക്കാനിക് ആയ തോമസ് 18 വർഷം സൗദിയിലായിരുന്നു. മറ്റു മൂന്നു മലയാളികൾ ഇന്നു രാവിലെ 9.30നു കൊച്ചിയിലെത്തും.

കൊല്ലം, മലപ്പുറം, കണ്ണൂർ സ്വദേശികളായ ഇവർക്കു സ്വന്തം നാടുകളിലേക്കു ട്രെയിൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സൗദി സർക്കാരിന്റെ ചെലവിൽ ഡൽഹി വരെയെത്തിക്കുമെന്നും തുടർന്നുള്ള യാത്രാച്ചെലവ് സ്വയം വഹിക്കണമെന്നുമായിരുന്നു തൊഴിലാളികൾക്ക് ആദ്യം ലഭിച്ച അറിയിപ്പ്. തുടർന്നു തോമസ് അടക്കം രണ്ടു പേർ മുൻപു യാത്രയിൽനിന്നു പിന്മാറുകയും ചെയ്തിരുന്നു. എന്നാൽ ഇവരുടെ തുടർന്നുള്ള ചെലവ് വഹിക്കാൻ തയാറാണെന്നു കേരള സർക്കാർ വ്യക്തമാക്കിയതോടെയാണു മടക്കയാത്ര സാധ്യമായത്.

അതേസമയം, പ്രതിസന്ധിയിലായിട്ടും സൗദിയിൽ തുടരുന്ന തൊഴിലാളികളോട് എത്രയും വേഗം മടങ്ങിയെത്താൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അഭ്യർഥിച്ചു. ജോലി ചെയ്യുന്ന കമ്പനികളിൽ ശമ്പള കുടിശികയ്ക്കുള്ള അപേക്ഷ നൽകിയശേഷം മടങ്ങിപ്പോരാനാണു മന്ത്രി പറഞ്ഞത്. സൗജന്യമായി വീണ്ടും സൗദിയിലെത്തിക്കാമെന്നും ഉറപ്പ് നൽകി. സൗദി സർക്കാരും കമ്പനികളുമായി ചർച്ച നടക്കുകയാണ് . മുടങ്ങിക്കിടക്കുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കാൻ സമയപരിധി പറയാനാകില്ല. അതുവരെ അനിശ്ചിതമായി സൗദിയിൽ തങ്ങുന്നതു പ്രായോഗികമല്ലെന്നും സുഷമ പറഞ്ഞു.

Your Rating: