Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദി: പ്രതിസന്ധിക്കു കാരണം നിർമാണരംഗത്തെ സ്തംഭനം

employ

റിയാദ്∙ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നു പൊതുമേഖലയിലെ നിർമാണ പ്രവർത്തനങ്ങൾ നിലച്ചതാണ് ഇപ്പോഴത്തെ തൊഴിലാളി ദുരിതത്തിന്റെ പ്രധാന കാരണം. നിർമാണ രംഗത്തെ പ്രമുഖരായ ബിൻ ലാദൻ, സൗദി ഓജർ കമ്പനികൾ ഭാഗികമായി പ്രവർത്തനം നിർത്തിയതോടെ ഇവരുടെ ഉപകരാറെടുത്ത കമ്പനികൾ പൂട്ടി. മൂന്നുമുതൽ പത്തുമാസം വരെ ശമ്പളം കിട്ടാത്തവരാണ് തൊഴിൽ നഷ്ടമായവരിൽ ഏറെയും.

ദുരിതത്തിലായ മലയാളികൾ എഴുനൂറോളം എന്നാണു പ്രാഥമിക വിവരമെങ്കിലും ഇത് ഒരുപക്ഷേ ആയിരത്തിനു മുകളിലാകാമെന്നാണു ജിദ്ദയിലെ ചില മലയാളി സംഘടനകൾ സംസ്ഥാന സർക്കാരിനു നൽകുന്ന വിവരം. സംഭവത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് റിയാദിലെ ഇന്ത്യൻ സ്ഥാനപതി അഹമ്മദ് ജാവേദ് ഞായറാഴ്ച തന്നെ സൗദി അധികൃതരെ സന്ദർശിച്ചിരുന്നു. പ്രശ്ന പരിഹാരം സാധ്യമാകുന്നതുവരെ ക്യാംപുകളിലുള്ളവരുടെ സംരക്ഷണം തുടരുമെന്നു ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ അറിയിച്ചു.

രാജ്യസഭയിൽ അലി അൻവർ അൻസാരി, നരേഷ് അഗർവാൾ തുടങ്ങിയവരാണു പ്രശ്‌നമുന്നയിച്ചത്. സുഷമയുടെ നടപടികൾ തൃപ്‌തികരമാണെന്ന് ഉപാധ്യക്ഷൻ പി.ജെ. കുര്യൻ പറഞ്ഞു.

ലോക്‌സഭയിൽ കെ.വി. തോമസ്, പി.കരുണാകരൻ, എം.ഐ. ഷാനവാസ്, എം.കെ. രാഘവൻ, കെ.സി. വേണുഗോപാൽ, ആന്റോ ആന്റണി തുടങ്ങിയവർ അടിയന്തര പ്രമേയത്തിനു നോട്ടിസ് നൽകിയെങ്കിലും അവതരണാനുമതി ലഭിച്ചില്ല. സാധ്യമാവുന്നതെല്ലാം മന്ത്രി സുഷമ സ്വരാജ് ചെയ്യുന്നുണ്ടെന്നു സ്‌പീക്കർ സുമിത്ര മഹാജൻ പറഞ്ഞു.

Your Rating: