Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടെലികോം സൗദിവൽക്കരണം: നിയമം ലംഘിച്ചാൽ രണ്ടു കൊല്ലം തടവ്, വൻപിഴ

saudi-telecom

ജിദ്ദ ∙ സൗദി അറേബ്യയിലെ മൊബൈൽ ഫോൺ വിൽപന, സർവീസ് കേന്ദ്രങ്ങളിൽ സമ്പൂർണ സ്വദേശിവൽക്കരണം പ്രാബല്യത്തിൽ വന്നതോടെ നാളെമുതൽ പരിശോധന ഊർജിതമാക്കുമെന്ന് അധികൃതർ അറിയിച്ചു. സ്വദേശികൾക്കു തൊഴിലവസരങ്ങൾ നൽകുന്ന കാര്യത്തിൽ സ്ഥാപനങ്ങൾ ചട്ടങ്ങൾ പാലിക്കുന്നുണ്ടോ എന്നും പൂഴ്ത്തിവയ്പ് നടത്തുന്നുണ്ടോ എന്നും കർശനമായി പരിശോധിക്കും. നിയമം ലംഘിക്കുന്നവർക്കു രണ്ടുവർഷം തടവും പത്തുലക്ഷം സൗദി റിയാൽ പിഴയുമാണ് (ഏകദേശം 1.78 കോടി രൂപ). ശിക്ഷാകാലാവധി അവസാനിക്കുന്ന മുറയ്ക്കു വിദേശികളെ നാടുകടത്തുകയും ഭാവിയിൽ രാജ്യത്തു വ്യാപാരപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതു വിലക്കുകയും ചെയ്യും. കൂടാതെ, നിയമലംഘനം നടത്തുന്നവരുടെ പേരുവിവരങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവിടാനും സ്വദേശികളെ അഞ്ചുവർഷത്തേക്ക് ഈരംഗത്തു വ്യാപാരം നടത്തുന്നതിൽനിന്നു വിലക്കാനും തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.

രാജ്യത്തെ ഏറ്റവും വലിയ മൊബൈൽ മാർക്കറ്റുകളിൽ ഒന്നായ ജിദ്ദയിലെ ഖാലിദ് ബിൻ വലീദിൽ 30–40 ശതമാനത്തോളം കടകൾ ഇന്നലെ അടഞ്ഞുകിടന്നു. തുറന്ന കടകളിൽ തിരക്ക് പതിവിലും വളരെ കുറവായിരുന്നു. സ്വദേശികളായ ജോലിക്കാരെ കണ്ടെത്താനാകാത്തതിനാലാണു കടകൾ പലതും തുറക്കാത്തതെന്നാണു റിപ്പോർട്ട്. അതേസമയം, അടഞ്ഞുകിടക്കുന്ന കടകൾക്കു പകരം സ്വദേശിസ്ഥാപനങ്ങൾ നിലവിൽ വരുമെന്നും സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്നും സൗദി യുവാക്കൾ അഭിപ്രായപ്പെടുന്നു. ഏറ്റവും ലാഭകരമായ മേഖലകളിൽ ഒന്നായ ടെലികോം രംഗത്തു നിക്ഷേപിക്കുന്ന പണം വിദേശത്തേക്ക് ഒഴുകാതെ രാജ്യത്തുതന്നെ ചെലവഴിക്കപ്പെടുമെന്നതു സമ്പദ്‍വ്യവസ്ഥയ്ക്കു പുത്തൻ ഉണർവേകുമെന്നാണ് ഇവരുടെ പ്രതീക്ഷ. സൗദി മാനവശേഷി വികസന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അരലക്ഷം യുവതീയുവാക്കൾക്കാണു ടെലികോം മേഖലയിൽ തൊഴിൽ പരിശീലനം നൽകിയത്. സ്വന്തമായി വ്യാപാരം തുടങ്ങുന്നവർക്കു മന്ത്രാലയം ധനസഹായവും പ്രഖ്യാപിച്ചിരുന്നു.

Your Rating: