Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ തൊഴിലാളികൾക്കു സൗജന്യ മടക്കയാത്ര അനുവദിക്കുമെന്ന് സൗദി

india-sa വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് സൗദി തൊഴിൽ- സാമൂഹിക വികസന മന്ത്രി ഡോ. മുഫ്റജ്‌ അൽ ഹഖബാനിയുമൊത്ത്

ജിദ്ദ ∙ സൗദിയിൽ തൊഴിൽ നഷ്ടപ്പെട്ടു ദുരിതത്തിലായ ഇന്ത്യക്കാരിൽ നാട്ടിലേക്കു മടങ്ങാൻ ആഗ്രഹിക്കുന്നവർക്കു സൗജന്യയാത്ര അനുവദിക്കുമെന്നു സൗദി സർക്കാർ ഉറപ്പുനൽകിയതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ.സിങ് അറിയിച്ചു. ശമ്പളക്കുടിശികയും ആനുകൂല്യങ്ങളും നിയമാനുസൃതം ലഭ്യമാക്കുന്നതിനു നടപടി കൈക്കൊള്ളുമെന്നും സൗദി തൊഴിൽ, സാമൂഹിക വികസന മന്ത്രി മുഫ്റജ് അൽ ഹഖ്ബാനിയുമായുള്ള ചർച്ചയിൽ ഉറപ്പു ലഭിച്ചു. ഇന്നലെ പുലർച്ചെ ജിദ്ദയിലെത്തിയ മന്ത്രി വി.കെ.സിങ് ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

തുടർന്നാണു റിയാദിലെത്തി സൗദി തൊഴിൽ മന്ത്രിയുമായും വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യൻ തൊഴിലാളി ക്യാംപുകളിൽ ഭക്ഷണവും മരുന്നും എത്തിക്കുന്നതിനും ശുചീകരണ ജോലികൾ നടത്തുന്നതിനും നടപടി സ്വീകരിച്ചതായി സൗദി സർക്കാർ അറിയിച്ചു. സൗദിയിലെ മറ്റു കമ്പനികളിലേക്കു മാറാൻ ആഗ്രഹിക്കുന്നവർക്ക് അതിന് അവസരമൊരുക്കും. ഇന്ത്യൻ തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം ചർച്ചചെയ്തതായി വി.കെ.സിങ് പറഞ്ഞു. ഇന്ത്യൻ സ്ഥാനപതി അഹമ്മദ് ജാവേദും ഒപ്പമുണ്ടായിരുന്നു.

സൗദി സർക്കാരിന്റെ അനുകൂല സമീപനത്തിനും കാര്യക്ഷമമായ ഇടപെടലുകൾക്കും ട്വിറ്ററിൽ മന്ത്രി നന്ദി അറിയിച്ചു. ഇരുപതു ക്യാംപുകളിലായി 7700 ഇന്ത്യക്കാരുണ്ടെന്നാണു നിലവിലെ വിവരം. ഹജ് തീർഥാടകരെ എത്തിച്ചു മടങ്ങുന്ന വിമാനങ്ങളിൽ തൊഴിലാളികളെ കൊണ്ടുപോകാനും സൗജന്യ എക്സിറ്റ് വീസ, സ്പോൺസർഷിപ് മാറ്റം എന്നിവ അനുവദിക്കാനും കഴിഞ്ഞദിവസം ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് നൂർ ഷെയ്ഖും തൊഴിൽ മന്ത്രാലയം മക്ക പ്രവിശ്യാ ഡയറക്ടർ ജനറൽ അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഒലയാനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയായിരുന്നു.

കൂടുതൽ കമ്പനികളുടെ ക്യാംപുകളിൽ ഇത്തരം പ്രശ്‌നങ്ങളുണ്ടോ എന്നറിയാൻ ഇന്ത്യൻ എംബസിയും കോൺസുലേറ്റും വൊളന്റിയർമാരുടെ സഹകരണത്തോടെ അന്വേഷണം നടത്തുന്നുണ്ട്. ഫ്രാൻസ്, ഫിലിപ്പീൻസ്, ബംഗ്ലദേശ് സർക്കാരുകളും തങ്ങളുടെ പൗരൻമാർക്കു ശമ്പളക്കുടിശിക ലഭ്യമാക്കാൻ സൗദി ഭരണകൂടത്തെ സമീപിച്ചിട്ടുണ്ട്. സൗദിയിൽ തൊഴിൽ നഷ്ടപ്പെട്ട ഫിലിപ്പീൻസുകാർ ഭക്ഷണം കിട്ടാതെ ഭിക്ഷയെടുക്കുകയാണെന്നു സന്നദ്ധ സംഘടനകൾ മനിലയിൽ ചൂണ്ടിക്കാട്ടി.

ഫിലിപ്പീൻസിൽ നിന്നുള്ള 20,000 പേരെ പ്രതിസന്ധി ബാധിച്ചിട്ടുണ്ടെന്നാണു കണക്ക്. ദുരിതത്തിൽപ്പെട്ട 8520 പാക്ക് തൊഴിലാളികൾക്കായി പാക്കിസ്ഥാൻ എംബസിയും ക്യാംപുകൾ തുറന്നിട്ടുണ്ട്. അതിനിടെ മുൻ ലബനീസ് പ്രധാനമന്ത്രി സാദ് അൽ ഹരീരിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സൗദി ഓജർ കമ്പനി ഏറ്റെടുക്കുന്നതു സംബന്ധിച്ചു ഹരീരിയുമായി സൗദി സർക്കാർ ചർച്ച നടത്തിയതായി ലബനീസ് പത്രം റിപ്പോർട്ട് ചെയ്തെങ്കിലും സ്ഥിരീകരണമില്ല.

Your Rating: