Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യെമൻ: സമാധാനചർച്ചയ്ക്ക് സാധ്യതയെന്ന് സൂചിപ്പിച്ച് സൗദി

റിയാദ് ∙ യെമനിലെ ഹൂതികളുമായി ഒന്നരവർഷത്തിലേറെയായി തുടരുന്ന യുദ്ധം താൽക്കാലികമായി നിർത്തിവയ്ക്കാനും സമാധാന ചർച്ച പുനരാരംഭിക്കാനും സാധ്യതയുണ്ടെന്ന സൂചനയുമായി സൗദി അറേബ്യ. യെമൻ ഭരണം അവിടത്തെ ജനങ്ങൾക്കു വിട്ടുകൊടുക്കാൻ ഹൂതികൾ തയാറാകണമെന്ന് ആവശ്യപ്പെട്ട സൗദി വിദേശകാര്യമന്ത്രി ആദൽ അൽ ജുബൈർ, യുഎൻ ഇടപെടലിലൂടെ പരിഹാരചർച്ചകൾ ആരംഭിക്കുമെന്ന പ്രതീക്ഷയും പങ്കുവച്ചു.

കുവൈത്തിൽ ഏപ്രിലിൽ യുഎൻ മധ്യസ്ഥതയിൽ സമാധാനചർച്ചകൾ ആരംഭിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ചർച്ച നടന്ന ദിവസങ്ങളിലെ വെടിനിർത്തൽ പൂർണമായും പാലിച്ചുമില്ല. സൗദി സഖ്യത്തിന്റെ പിന്തുണയോടെ യെമൻ പ്രസിഡന്റ് അബ്ദുറബ് മൻസൂർ ഹാദി നയിക്കുന്ന ഔദ്യോഗിക പക്ഷവും മുൻ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹും ഹൂതികളും ചേർന്നുള്ള മറുപക്ഷവും നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാത്തതായിരുന്നു കാരണം.

2014 മുതൽ പിടിച്ചെടുത്ത മേഖലകളിൽനിന്നു ഹൂതികൾ പിന്മാറണം, തലസ്ഥാനമായ സനായിലേക്കു പ്രവേശിക്കാനും ഭരണകാര്യങ്ങൾ നിർവഹിക്കാനും ഹാദി സർക്കാരിനെ അനുവദിക്കണം തുടങ്ങിയ യുഎൻ നിർദേശങ്ങൾ സാലിഹ് പക്ഷം അംഗീകരിച്ചില്ല. പൊതുസമ്മതനായ പ്രസിഡന്റ് വേണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഇവർ ഉന്നയിച്ചു. തങ്ങളുടെ അധീനതയിലുള്ള പ്രദേശങ്ങളുടെ ഭരണനിർവഹണത്തിനായി പത്തംഗ രാഷ്ട്രീയ കാര്യസമിതി രൂപീകരിച്ചതായി ഹൂതികൾ പ്രഖ്യാപിക്കുകയും ചെയ്തതോടെ യുദ്ധം വീണ്ടും ശക്തമായി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.