Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൊഴിൽ പ്രതിസന്ധി: സൗദി സർക്കാരിന്റെ സഹകരണമുണ്ടെന്ന് മന്ത്രി അക്‌ബർ

ന്യൂഡൽഹി ∙ ചില കമ്പനികൾ അടച്ചുപൂട്ടിയതുമൂലം പ്രതിസന്ധിയിലായ ഇന്ത്യൻ തൊഴിലാളികളെ സഹായിക്കാനുള്ള നടപടികളിൽ സൗദി അറേബ്യൻ സർക്കാരിന്റെ പൂർണ പിന്തുണയും സഹകരണവും ലഭിക്കുന്നുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി എം.ജെ.അക്‌ബർ. ശമ്പള കുടിശിക ലഭ്യമാക്കാനുള്ള റജിസ്‌ട്രേഷൻ നടത്തിക്കഴിഞ്ഞു.

ഇന്ത്യയിലേക്കു മടങ്ങാൻ താൽപര്യമുള്ള എല്ലാവരെയും സഹായിക്കാമെന്നു സൗദി സർക്കാർ ഉറപ്പു നൽകിയിട്ടുണ്ട്. സൗദിയുടെ ഭാഗത്തുനിന്ന് അകമഴിഞ്ഞ സഹകരണമാണുള്ളത് – അക്‌ബർ ‘മനോരമ’യോടു പറഞ്ഞു. രാജ്യത്തു വ്യക്‌തമായ ശമ്പള സുരക്ഷിതത്വ സംവിധാനമുണ്ടെന്നും പ്രതിസന്ധി നേരിടുന്ന ഇന്ത്യക്കാരായ എല്ലാ തൊഴിലാളികൾക്കും എക്‌സിറ്റ് വീസ ലഭ്യമാക്കുമെന്നും സൗദി സ്‌ഥാനപതികാര്യാലയ വൃത്തങ്ങൾ സൂചിപ്പിച്ചു.

രണ്ടു മാസത്തിനപ്പുറം ശമ്പളം ലഭിക്കുന്നില്ലെങ്കിൽ മറ്റൊരു തൊഴിലുടമയ്‌ക്കു കീഴിലേക്കു മാറാൻ തൊഴിലാളിക്ക് അവകാശമുണ്ട്. ശമ്പളം നൽകാത്ത തൊഴിലുടമയ്‌ക്ക് ഈ മാറ്റം തടയാനാവില്ല. ശമ്പളം ലഭിക്കാത്ത സാഹചര്യത്തിൽ എക്‌സിറ്റ് വീസയ്‌ക്കു സർക്കാരിനെ സമീപിക്കാനും തൊഴിലാളിക്കു സാധിക്കും.

ശമ്പളം ലഭിക്കാത്തതിനാൽ രാജ്യം വിടുന്ന തൊഴിലാളികൾക്ക് എക്സിറ്റ് വീസ ലഭ്യമാക്കുമെന്നു മാത്രമല്ല, കമ്പനിക്കെതിരെ നടപടിയുമെടുക്കും. ശമ്പള കുടിശിക തൊഴിലാളികൾക്ക് അവർ ആയിരിക്കുന്ന സ്‌ഥലത്തു ലഭ്യമാക്കാനും സൗദിയുടെ തൊഴിൽ മന്ത്രാലയം നടപടിയെടുക്കുമെന്നും സ്‌ഥാനപതികാര്യാലയവുമായി ബന്ധപ്പെട്ടവർ പറഞ്ഞു.

Your Rating: