Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജലീലിന്റെ നയതന്ത്ര പാസ്‌പോർട്ട്: കേന്ദ്രത്തിനു മൗനം

ന്യൂഡൽഹി/തിരുവനന്തപുരം ∙ മന്ത്രി കെ.ടി.ജലീലിനു സൗദി അറേബ്യ സന്ദർശിക്കുന്നതിനു നയതന്ത്ര പാസ്‌പോർട്ട് നിഷേധിച്ചതു സംബന്ധിച്ചു കേന്ദ്രസർക്കാരിന്റെ ഭാഗത്തു നിന്ന് ഒൗദ്യോഗിക പ്രതികരണമില്ല. സംസ്ഥാന മന്ത്രിയുടെ വിദേശയാത്ര സംബന്ധിച്ച് ആദ്യം അനുമതി നൽകേണ്ടതു വിദേശകാര്യമന്ത്രാലയമല്ല, കേന്ദ്ര ധനമന്ത്രാലയമാണ്.

ധനമന്ത്രാലയത്തിൽ ഇക്കണോമിക് അഫയേഴ്സ് സെക്രട്ടറിക്കാണ് ആദ്യം അപേക്ഷ നൽകേണ്ടത്. സന്ദർശനത്തിനു മൂന്ന് ആഴ്ച മുൻപ് ഈ കത്തു നൽകണം. എന്നാൽ അടിയന്തര സാഹചര്യങ്ങളിൽ അല്ലാതെയും അനുമതി നൽകും. ധനമന്ത്രാലയം അനുമതി നൽകിയാലേ വിദേശകാര്യ മന്ത്രാലയം നയതന്ത്ര പാസ്പോർട്ട് അനുവദിക്കൂ. ഇതിനു പുറമേ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും അനുമതി വാങ്ങണം. ഇതേസമയം, സോഫ്‌റ്റ്‌വെയർ വഴിയാണ് അപേക്ഷ നൽകുന്നതെന്നും എല്ലാ നടപടിക്രമങ്ങളും പാലിച്ചാൽ മാത്രമേ അപേക്ഷ സമർപ്പിക്കാൻ കഴിയുകയുള്ളൂ എന്നും മന്ത്രി ജലീൽ വിശദീകരിച്ചു.

അപേക്ഷ സ്വീകരിച്ചശേഷം അനുമതി നിഷേധിച്ചതിന്റെ കാരണമാണ് അറിയേണ്ടത്. ദുരിതമനുഭവിക്കുന്ന മലയാളികൾക്കു ഭക്ഷണം, നിയമപരിരക്ഷ എന്നിവയായിരുന്നു സംസ്ഥാന സർക്കാരിന്റെ മുൻഗണനകൾ. ഒരു സംസ്ഥാനത്തെ ആളുകൾക്കു മാത്രമായി ഇവ രണ്ടും ഒരുക്കാൻ കേന്ദ്രത്തിനു കഴിയില്ല. അതുകൊണ്ടാണ് സംസ്ഥാനം മുൻകയ്യെടുത്തത്. ഇനി എന്തുവേണമെന്നതു മുഖ്യമന്ത്രിയുമായി ഇന്നു ചർച്ച ചെയ്യും – ജലീൽ പറഞ്ഞു. പാർലമെന്റ് സമ്മേളനം നടക്കുന്നതിനാൽ ഇന്ന് ഈ വിഷയം ലോക്സഭയിലോ രാജ്യസഭയിലോ അംഗങ്ങൾ ഉന്നയിക്കുമെന്നു തീർച്ചയാണ്. കേന്ദ്രസർക്കാരിന്റെ നിലപാടു പാർലമെന്റിൽ വെളിപ്പെടുത്താനാണു സാധ്യത.

Your Rating: