Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിദ്ദ സ്ഫോടനം: ചാവേർ മഹാരാഷ്ട്ര സ്വദേശിയെന്ന് സംശയം

മുംബൈ ∙ മൂന്നു മാസം മുൻപു ജിദ്ദയിലുണ്ടായ സ്ഫോടനത്തിൽ ചാവേറായതു മഹാരാഷ്ട്രയിലെ ബീഡ് സ്വദേശിയും ലഷ്കർ ഭീകരനുമായ ഫയാസ് കഗ്സിയാണെന്ന സൗദി വെളിപ്പെടുത്തലിനെക്കുറിച്ചു കൂടുതൽ അന്വേഷണത്തിനു മഹാരാഷ്ട്ര പൊലീസ്. മുംബൈ ഭീകരാക്രമണക്കേസ് പ്രതി അബു ജുൻഡാലിന്റെ കൂട്ടാളിയായ കഗ്സിയാണോ ചാവേറെന്നു ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ കണ്ടെത്താനാണു ശ്രമം.

ഇയാളെക്കുറിച്ചു സൗദി പൊലീസിനു ലഭ്യമായ വിവരങ്ങൾ കൈമാറണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെടാനായി പൊലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചു. ജുലൈ നാലിനാണു മദീന, ജിദ്ദ, കിഴക്കൻ പ്രവിശ്യയിലെ ഖാത്തിഫ് എന്നിവിടങ്ങളിൽ ചാവേർ ആക്രമണപരമ്പരയുണ്ടായത്. മദീനയിൽ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ജിദ്ദയിൽ യുഎസ് കോൺസുലേറ്റിന് 20 കിലോമീറ്റർ അകലെ പൊട്ടിത്തെറിച്ച ചാവേർ, പാക്ക് സ്വദേശി അബ്ദുല്ല ഖൽസാർ ഖാൻ ആണെന്നാണു സൗദി പൊലീസ് ആദ്യം പറഞ്ഞത്. പിന്നീടാണു ചാവേർ ഫയാസ് കഗ്സിയാണെന്ന് അറിയിച്ചത്.

സൗദി അധികൃതർ പുറത്തുവിട്ട ഫോട്ടോയ്ക്കു കഗ്സിയുമായി സാമ്യമുണ്ടെന്നും ഇയാളുടെ ഡിഎൻഎ സാംപിളുകൾ ശേഖരിച്ചു ബീഡിൽ രക്ഷിതാക്കളുടേതുമായി ഒത്തു നോക്കി ഉറപ്പുവരുത്താനാണു ശ്രമിക്കുന്നതെന്നും പൊല‌ീസ് പറയുന്നു. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നടന്ന ഭീകരാക്രമണങ്ങളിൽ പങ്കാളിയായിരുന്ന കഗ്സി, ആദ്യം സിമിയിലാണു പ്രവർത്തിച്ചിരുന്നത്. ഔറംഗാബാദ് ആയുധക്കടത്തു കേസിനെത്തുടർന്നു 2006ൽ പാക്കിസ്ഥാനിലെത്തി ലഷ്കറെ തയിബയിൽ ചേർന്നു. സംഘടനയിലേക്കു യുവാക്കളെ റിക്രൂട് ചെയ്യുന്ന ചുമതലയാണ് ഇയാളെ ഏൽപിച്ചിരുന്നതെന്നും അന്വേഷണസംഘം പറയുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.