Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദി, ഷാർജ അപകടങ്ങൾ: മൂന്ന് മലയാളികൾ മരിച്ചു

surendran-jejin-johnson സുരേന്ദ്രൻ, ജെജിൻ, ജോൺസൻ

ദുബായ്/റിയാദ് ∙ സൗദിയിൽ രണ്ടിടത്തും യുഇയിലെ ഷാർജയിലുമായുണ്ടായ മൂന്നു വാഹനാപകടങ്ങളിൽ തിരുവനന്തപുരം ജില്ലയിലെ അയിരൂപ്പാറ, വെഞ്ഞാറമ്മൂട് സ്വദേശികൾ മരിച്ചു. സൗദിയിലെ അപകടങ്ങളിൽ പോത്തൻകോട് അയിരൂപ്പാറ ശാന്തിപുരം കല്ലിക്കോട് ശ്രീലക്ഷ്മി ഭവനിൽ സുരേന്ദ്രൻ (49),‌ വെഞ്ഞാറമൂട് മുക്കുന്നൂർ ജിതിൻ നിവാസിൽ സുഗതൻ – ആശ ദമ്പതികളുടെ മകൻ ജെജിൻ (28), ഷാർജയിലെ അപകടത്തിൽ മുരുക്കുംപുഴ ഷീബാ വില്ലയിൽ ജോൺസൻ ഡിക്രൂസ് (48) എന്നിവരാണു മരിച്ചത്. സൗദിയിലെ അൽ അഹ്‍സ മഹ്ദൂദിൽ ഞായറാഴ്ചയുണ്ടായ വാഹനാപകടത്തിലാണു സുരേന്ദ്രൻ മരിച്ചത്.

കെട്ടിടനിർമാണ തൊഴിലാളിയാണ്. സഹോദരനെ കാണാൻ സൈക്കിളിൽ പോകുമ്പോൾ കാർ ഇടിക്കുകയായിരുന്നു. ഇരുപത്തഞ്ച് വർഷത്തോളമായി സൗദിയിൽ ജോലി ചെയ്യുകയാണു സുരേന്ദ്രൻ. ഭാര്യ ഷീബ. മക്കൾ ശ്രീലക്ഷ്മി, ശ്രീദേവി. കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടികൾക്കുശേഷം നാട്ടിലേക്കു കൊണ്ടുപോകും. വെഞ്ഞാറമൂട് മുക്കുന്നൂർ സ്വദേശി ജെജിൻ അൽഹസ്സയിൽ ഫർണിച്ചർ സ്ഥാപനത്തിലെ ഡ്രൈവർ ആയിരുന്നു. 18നു പുലർച്ചെ അഞ്ചരയ്ക്ക് അപകടത്തിൽപെടുകയായിരുന്നു.

സുഹൃത്തുക്കളായ നാലുപേർക്കൊപ്പം സഞ്ചരിക്കവേ വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞെന്നാണു നാട്ടിൽ ലഭിച്ച വിവരം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി ബന്ധുക്കൾ അറിയിച്ചു. ജെജിന്റെ ഭാര്യ ശ്രുതി. മകൻ ആദിദേവ്. ഷാർജയിൽ വാഹനാപകടത്തിൽ മരിച്ച മുരുക്കുംപുഴ ഷീബാ വില്ലയിൽ പരേതനായ ഏബ്രഹാം ഡിക്രൂസിന്റെ മകൻ ജോൺസൻ ഡിക്രൂസിന്റെ മൃതദേഹം ഇന്നു മൂന്നു മണിക്കു മുരുക്കുംപുഴ സെന്റ് അഗസ്റ്റ്യൻ ചർച്ച് സെമിത്തേരിയിൽ സംസ്കരിക്കും. ഭാര്യ ഷിബാ ജോൺസൻ. മകൾ: ഗ്രെയ്സ് മരിയ. 

Your Rating: