Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മക്ക ക്രെയിൻ‌ അപകടം: അട്ടിമറിയല്ലെന്ന് അന്വേഷണ സമിതി കോടതിയിൽ

ജിദ്ദ ∙ മക്ക ഹറം പള്ളിയിൽ 113 പേരുടെ മരണത്തിനിടയാക്കിയ ക്രെയിൻ അപകടത്തിനു പിന്നിൽ അട്ടിമറി സാധ്യതയില്ലെന്ന് അന്വേഷണ സംഘം. പ്രവർത്തന മാനദണ്ഡങ്ങൾക്കു വിരുദ്ധമായി പള്ളി പരിസരത്തു ക്രെയിൻ സ്ഥാപിച്ചതാണ് അപകടത്തിനു കാരണമായതെന്നു സൗദി സർ‌ക്കാർ നിയോഗിച്ച ബ്യൂറോ ഓഫ് ഇൻ‌വെസ്റ്റിഗേഷൻ ആൻഡ് പബ്ലിക് പ്രോസിക്യൂഷൻ (ബിഐപി) കോടതിയെ അറിയിച്ചു.

ഹറംപള്ളി പരിസരത്ത് 75 ഡിഗ്രി ചരുവിൽ നിലനിർത്തിയ ക്രെയിൻ ശക്തമായ കാറ്റിനെ പ്രതിരോധിക്കാനാകാതെ നിലംപൊത്തുകയായിരുന്നു. മോശം കാലാവസ്ഥയിൽ ക്രെയിൻ നിലത്തിറക്കണമെന്നും പള്ളി പരിസരത്തു നിന്നു മാറ്റണമെന്നുമുള്ള നിർദേശങ്ങൾ ജീവനക്കാർ പാലിക്കാത്തതാണു വലിയ അപകടത്തിനു കാരണമായതെന്നാണു ബിഐപിയുടെ കണ്ടെത്തൽ. കഴിഞ്ഞവർഷം സെപ്റ്റംബറിലുണ്ടായ അപകടത്തിൽ പാലക്കാട് സ്വദേശിനി മുഅ്മിന അടക്കം 12 ഇന്ത്യക്കാരും മരിച്ചിരുന്നു.

കേസില്‍ ആറു സ്വദേശികളടക്കം 14 ജീവനക്കാരാണു വിചാരണ നേരിടുന്നത്. സുരക്ഷാ നിർദേശങ്ങൾ അവഗണിക്കൽ, പൊതുമുതൽ‌ നശിപ്പിക്കൽ, ജോലിയിൽ അലംഭാവം എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.

അപകടത്തെ തുടർന്നു രാജ്യംവിട്ട പ്രവാസി ജീവനക്കാരനെയും കുറ്റംചുമത്തി വിചാരണയ്ക്കു ഹാജരാക്കാൻ ബിഐപി നിർദേശം നൽ‌കിയിട്ടുണ്ട്. അതിനിടെ ഹറംപള്ളിയിലെ നിർമാണ പ്രവൃത്തികളുടെ കരാർ ഏറ്റെടുത്തിരുന്ന ബിൻ ലാദൻ കമ്പനി പള്ളിക്കുണ്ടായ കേടുപാടുകൾ നീക്കുന്നതിനുള്ള ചെലവു വഹിക്കുമെന്നു കോടതിയെ അറിയിച്ചു.

Your Rating: