Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹജ്: പൂർണസജ്ജമായി ഇന്ത്യൻ മെഡിക്കൽ സംഘം

മക്ക∙ ചൂടുകാലാവസ്ഥ മൂലം തീർഥാടകർക്കുണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാ ക്രമീകരണങ്ങളുമൊരുക്കിയതായി ഇന്ത്യൻ ഹജ് മെഡിക്കൽ സംഘം അറിയിച്ചു. 41 ഡിഗ്രിയായിരുന്നു ഇന്നലത്തെ ചൂട്.

വരും ദിവസങ്ങളിൽ ഇതു വീണ്ടും ഉയരാനാണു സാധ്യത. ഹജ് ക്യാംപുകളിലെത്തി തീർഥാടകർക്കു താപപ്രതിരോധ മാർഗങ്ങളെക്കുറിച്ചു ബോധവൽക്കരണം നടത്തും. 40 വീതം കിടക്കകളുള്ള രണ്ട് ആശുപത്രികൾ മക്കയിലും അസീസിയയിലും സജ്ജമാക്കിയിട്ടുണ്ട്.

ഇതിനു പുറമേ മക്കയിൽ 13 ഡിസ്പെൻസറികളും അത്യാഹിത വിഭാഗം, ലബോറട്ടറി, ഫാർമസി, എക്സ്റേ, സ്കാനിങ് യൂണിറ്റുകൾ എന്നിവയും പ്രവർത്തിക്കും. ഡയാലിസിസോ ശസ്ത്രക്രിയയോ ആവശ്യമായി വരുന്നവരെ ഉടൻ സൗദി സർക്കാർ ആശുപത്രികളിലേക്കു മാറ്റാനുള്ള ക്രമീകരണവുമുണ്ട്. 15 വനിതകൾ ഉൾപ്പെടെ 145 ഡോക്ടർമാരും 150 പാരാമെഡിക്കൽ ജീവനക്കാരുമാണു തീർഥാടകരുടെ ആരോഗ്യപരിചരണത്തിനായി ഇന്ത്യൻ ഹജ് മിഷൻ നിയോഗിച്ചിട്ടുള്ളത്.

ഡോക്ടർമാരിൽ 25 പേർ മലയാളികളാണ്. 16 ആംബുലൻസുകൾ 24 മണിക്കൂറും പ്രവർത്തനസജ്ജമായി നിലകൊള്ളും. അന്തരീക്ഷ ഊഷ്മാവ് കൂടുതലായതിനാൽ നിർജലീകരണം ഒഴിവാക്കാൻ കൂടുതൽ വെള്ളം കുടിക്കണമെന്നു തീർഥാടകർക്കു നിർദേശം നൽകിയിട്ടുണ്ട്. അതിനിടെ, ഹജ് തീർഥാടകരുടെ ഇടയിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനം ഊർജിതമാക്കാൻ സൗദി ആരോഗ്യമന്ത്രാലയം ലോകാരോഗ്യസംഘടനയുമായി ചേർന്നു സമഗ്ര കർമപദ്ധതിക്കു രൂപം നൽകി.

കര, ജല, വ്യോമ മാർഗങ്ങളിലൂടെ രാജ്യത്തു പ്രവേശിക്കുന്ന തീർഥാടകരെയെല്ലാം പരിശോധിക്കാനാണു നീക്കം. തബൂക്ക് അതിർത്തി, ജിദ്ദ ഇസ്‌ലാമിക് തുറമുഖം, ജിദ്ദ കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളം, മദീന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളം എന്നിവിടങ്ങളിൽ ഇതിനായി പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. തീർഥാടകർക്ക് ആരോഗ്യബോധവൽകരണവും നൽകും.

Your Rating: