Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹജിന് ഇക്കൊല്ലം പ്രതീക്ഷിക്കുന്നത് 15 ലക്ഷത്തിലേറെ തീർഥാടകരെ

makka

മക്ക ∙ വിദേശികളും സ്വദേശികളും ഉൾപ്പെടെ ഈ വർഷം 15 ലക്ഷം തീർഥാടകരെ ഹജ് തീർഥാടനത്തിനു പ്രതീക്ഷിക്കുന്നതായി സൗദി കേന്ദ്ര ഹജ് കമ്മിറ്റി അറിയിച്ചു. അതേസമയം, ഇത്തവണത്തെ ഹജിനുള്ള ആദ്യ സംഘം ന്യൂഡൽഹിയിൽനിന്നു വ്യാഴാഴ്ച മക്കയിലും മദീനയിലുമായി എത്തി. പിന്നാലെ പാക്കിസ്ഥാൻ, ബംഗ്ലദേശ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള തീർഥാടക സംഘവും ജിദ്ദയിലെത്തി. ഇന്ത്യയിൽനിന്ന് 136,020 പേരാണ് ഈ വർഷം ഹജ് നിർവഹിക്കുന്നത്. പാക്കിസ്ഥാനിൽ നിന്ന് 143,370 പേരും പലസ്തീനിൽനിന്ന് ആയിരത്തോളം പേരും ഹജ് നിർവഹിക്കാനെത്തും.

ഹജ് പദ്ധതികളുമായി സഹകരിക്കുന്നതിന് 27 സർക്കാർ, സ്വകാര്യ ഏജൻസികളിൽ നിന്നായി ഏഴായിരത്തിലേറെ ഉദ്യോഗസ്ഥരെ നിയോഗിക്കും. പദ്ധതിയുടെ ഭാഗമായി ഹജ് ടെർമിനലിലെ ലോഞ്ചുകൾ സെപ്റ്റംബർ അഞ്ചുവരെ അറൈവൽ‌ ലോഞ്ചുകളായും സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 16 വരെ ഡിപ്പാർചർ ലോഞ്ചുകളായും മാറ്റും. മക്ക അമീർ ഖാലിദ് അൽ ഫൈസൽ രാജകുമാരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹജ് തീർഥാടന ഒരുക്കങ്ങൾ സംബന്ധിച്ച റിപ്പോർട്ടുകൾ അവലോകനം ചെയ്തു.

പുണ്യനഗരങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ ശുചിത്വം, വാണിജ്യമേഖലകളിലെ മേൽനോട്ടം, വിവിധ കിയോസ്കുകൾ, ഗതാഗത രംഗം ഉൾപ്പെടെ വിവിധ മേഖലകളിൽ മക്ക മുനിസിപ്പാലിറ്റി നടത്തുന്ന തയാറെടുപ്പുകളും ചർച്ച ചെയ്തു. മക്കയിലെയും പുണ്യനഗരങ്ങളിലെയും ശുചീകരണത്തിന് 23,000ൽ ഏറെ ജോലിക്കാരെ നിയോഗിക്കുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു. ഹജ് സേവനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന വിവിധ പൊതു, സ്വകാര്യ ഏജൻസികളുടെ പ്രതിനിധികളും യോഗത്തിനെത്തി.

Your Rating: