Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർശന വ്യവസ്ഥകൾ: സിം കാർഡ് കിട്ടാൻ വൈകുന്നെന്ന് ഹജ് തീർഥാടകർ

haj

മക്ക ∙ സിം കാർഡ് ലഭിക്കുന്നതിനുള്ള പുതിയ വ്യവസ്ഥകൾ ഹജ് തീർഥാടകരെ വലയ്ക്കുന്നു. സുരക്ഷാ കാരണങ്ങളാൽ സിം കാർഡ് വിതരണത്തിൽ ഇത്തവണ കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തീർഥാടകർ മക്കയിലെത്തിയ ശേഷം വീസാ വിവരങ്ങളും വിരലടയാളവും നൽകിയാൽ മാത്രമേ സിം കാർഡ് അനുവദിക്കൂ. തീർഥാടകർക്കു താമസ കേന്ദ്രങ്ങളിൽ സിം കാർഡ് ലഭിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ഇന്ത്യൻ ഹജ് മിഷൻ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും വളരെയേറെ കാലതാമസം നേരിടുന്നുവെന്നാണു പരാതി.

സിംകാർഡ് നൽകാൻ വിവിധ മൊബൈൽ കമ്പനികൾ മൽസരിച്ചു രംഗത്തുണ്ടെങ്കിലും നടപടിക്രമങ്ങളുടെ സങ്കീർണത പ്രശ്നമാകുന്നു. അതേസമയം, തീർഥാടകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും നിയമലംഘനവും അനിഷ്ടസംഭവങ്ങളും തടയുന്നതിനും തയാറെടുപ്പുകൾ പൂർത്തിയായതായി ഹജ് സുരക്ഷാമേധാവി ജനറൽ ഖാലിദ് അൽ ഹർബി അറിയിച്ചു.

തിക്കും തിരക്കും മൂലമുള്ള അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ സർവ സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. സ്വദേശികളും വിദേശികളും നിയമങ്ങൾ കർശനമായി പാലിക്കണം. കഴിഞ്ഞ ഹജ് വേളയിൽ മിനായിൽ അപകടം ഉണ്ടായ റോഡ് വികസിപ്പിച്ചു. യഥാർഥ അനുമതിപത്രമില്ലാതെ വരുന്നവർ ഹാജിമാരോടു ദ്രോഹമാണു ചെയ്യുന്നതെന്നു മദീന പള്ളി ഇമാം ഹുസൈൻ ആലു ഷെയ്ഖ് മുന്നറിയിപ്പു നൽകി. അല്ലാഹുവിന്റെ അതിഥികളെ ദ്രോഹിക്കുന്നതു കുറ്റമാണെന്ന ഓർമ വേണമെന്നും അദ്ദേഹം പറഞ്ഞു.

Your Rating: