Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹജ് കമ്മിറ്റി വഴിയെത്തുന്ന തീർഥാടകർ മദീനയിൽ ഭക്ഷണം കരുതേണ്ടിവരും

hajj

മക്ക ∙ കേന്ദ്ര ഹജ് കമ്മിറ്റി വഴിയെത്തുന്ന ഇന്ത്യൻ തീർഥാടകർ ഈ വർഷം മദീനയിൽ സ്വന്തം നിലയിൽ ഭക്ഷണം കരുതേണ്ടിവരും. മുൻ വർഷങ്ങളിൽ ഹജ് കമ്മിറ്റി നേരിട്ടു മദീനയിൽ ഭക്ഷണം വിതരണം ഉറപ്പാക്കിയിരുന്നു. ഇതിന് ഒരു ദിവസത്തേക്കു 17 സൗദി റിയാൽ (ഏകദേശം 290 രൂപ) വീതം നിരക്കും ഈടാക്കിയിരുന്നു. എന്നാൽ ഭക്ഷണത്തിന്റെ ഗുണമേന്മയിലും വിതരണത്തിലും വ്യാപകമായ പരാതി ഉയർന്നതിനെ തുടർന്നാണ് ഇക്കൊല്ലം ഈ ചുമതലയിൽനിന്നു ഹജ് കമ്മിറ്റി ഒഴിവായത്.

മക്കയിൽ ഭക്ഷണം നേരത്തേ സ്വന്തമായി പാചകം ചെയ്യുകയായിരുന്നു. മക്കയിലും മദീനയിലും ഹാജിമാർക്കു സ്വന്തമായി പാചകം ചെയ്യുകയോ പുറത്തുനിന്നു വാങ്ങുകയോ ചെയ്യാം. മദീനയിൽ ചില ഹോട്ടലുകളിൽ ഭക്ഷണം പാകം ചെയ്യാൻ അനുമതി നൽകാറില്ല. കടുത്ത നിയന്ത്രണമുള്ള മേഖലകളിൽ ഹാജിമാർ പുറത്തു ഹോട്ടലുകളിൽ തന്നെ ഭക്ഷണം ഏർപ്പാട് ചെയ്യേണ്ടിവരും. ഹജ്ജിന്റെ അനുഷ്ഠാനങ്ങളെക്കുറിച്ചും പുണ്യഭൂമിയുടെ പവിത്രതയെക്കുറിച്ചും തീർഥാടകർക്ക് ഹറം പള്ളിയിൽ ബോധവൽക്കരണ ക്ലാസുകൾ തുടങ്ങി.

ഹറം കാര്യവകുപ്പാണ് ക്ലാസുകൾക്കായി പള്ളിയുടെ വിവിധ ഭാഗങ്ങളിൽ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഹറം കാര്യമേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് ആദ്യ ക്ലാസിനു നേതൃത്വം നൽകി. മക്ക ഹജ് ടെർമിനലിൽ കെഎംസിസിയുടെ വൊളന്റിയർ സേവനത്തിനു തുടക്കമായി. ഇന്ത്യയിൽനിന്നുള്ള ഹജ് സംഘം ജിദ്ദ വഴിയുള്ള വരവ് തുടങ്ങിയ ഇന്നലെ മുതൽ കെഎംസിസി സേവനം സജീവമാക്കി. നാഷനൽ ഹജ് കമ്മിറ്റി വൈസ് ചെയർമാൻ അബൂബക്കർ അരിമ്പ്ര, കൺവീനർ സി.കെ. ഷാക്കിർ, ക്യാപ്റ്റൻ ഉമ്മർ അരിപ്പാമ്പ്ര എന്നിവർ നേതൃത്വം നൽകുന്നു. ഹജ് ടെർമിനലിനു പുറമെ മക്കയിലും മദീനയിലും മിനാ പാതയിലും മശാഇർ ട്രെയിൻ സർവീസ് പാതയിലും വൊളന്റിയർ സേവനം ഉണ്ടാകുമെന്നു സെൽ ഭാരവാഹികൾ അറിയിച്ചു.

ഹജ് അനുമതിപത്രം ഇല്ലാതെ മക്കയിൽ പ്രവേശിക്കാൻ വിലക്ക്

മക്ക ∙ ഹജ് അനുമതിപത്രമില്ലാതെ മക്കയിൽ പ്രവേശിക്കുന്നതു നിയമലംഘനമെന്നു സൗദി ഗ്രാൻഡ് മുഫ്തി ഷെയ്ഖ് അബ്ദുൽ അസീസ് ആൽ അഷെയ്ഖ് ഓർമിപ്പിച്ചു. ഹജ് നിയമങ്ങൾ ലംഘിക്കുകയും രേഖകളില്ലാതെ ഇഹ്‌റാം വേഷത്തിൽ മക്കയിലേക്കു കടക്കുകയും ചെയ്യുന്നതിനെതിരെയാണു മുന്നറിയിപ്പ്.

ഒരു തവണ ഹജ് നിർവഹിച്ചവർ അഞ്ചു വർഷം പിന്നിടാതെ വീണ്ടും ഹജ് നിർവഹിക്കുന്നതിനു വിലക്കുണ്ട്. ഹജ് കേന്ദ്രങ്ങളിലെ തിരക്കു നിയന്ത്രിക്കുന്നതിനും തീർഥാടകർക്കു പ്രയാസരഹിതമായി കർമങ്ങൾ നിർവഹിക്കുന്നതിനും അവസരം ഒരുക്കുന്നതിനാണു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. എല്ലാവരും ഇത് അനുസരിക്കാൻ ബാധ്യസ്ഥരാണെന്നും ഗ്രാൻഡ് മുഫ്തി പറഞ്ഞു.

ഇന്ത്യൻ തീർഥാടക മദീനയിൽ പ്രസവിച്ചു

മദീന ∙ ഹജ് തീർഥാടക മദീനയിൽ പ്രസവിച്ചു. ഇന്ത്യൻ ഹജ് കമ്മിറ്റിക്കു കീഴിൽ ഉത്തർപ്രദേശിലെ ബൽറാംപുരിൽ നിന്നെത്തിയ ഷഹ്നാൻ ബാനുവാണു പെൺകുഞ്ഞിന് ജന്മം നൽകിയത്. ഭർത്താവ് മുഹമ്മദ് ആലിമിനൊപ്പം 13നാണു മദീനയിൽ എത്തിയത്. ഹജ് മിഷൻ മെഡിക്കൽ സംഘം അമ്മയ്ക്കും കുഞ്ഞിനും പരിചരണം നൽകി.

Your Rating: