Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹജ് കമ്മിറ്റി വഴിയുള്ള തീർഥാടകരുടെ അറഫ യാത്ര ട്രെയിനിൽ

hajj

മക്ക ∙ സംസ്ഥാന ഹജ് കമ്മിറ്റി മുഖേന വരുന്ന എല്ലാ മലയാളി തീർഥാടകർക്കും അറഫ യാത്രയും തിരികെ മിനായിലേക്കുള്ള യാത്രയും ഇക്കുറിയും മശാഇർ ട്രെയിനിലായിരിക്കും. മൊത്തം 3.11 ലക്ഷം തീർഥാടകർക്കാണ് ഈ വർഷം മശാഇർ ട്രെയിൻ സൗകര്യം ലഭ്യമാക്കുന്നത്. ടിക്കറ്റ് ഹജ് മിഷൻ മുഖേന നൽകും. സ്വകാര്യ സംഘങ്ങളിലുള്ളവർക്കു ബസിലാകും യാത്ര. മിനായിലെ ഒന്നും രണ്ടും സ്റ്റേഷനുകളിൽ നിന്നായിരിക്കും ഇവർ യാത്ര പുറപ്പെടുന്നത്. ഇന്ത്യൻ ഹജ് ക്യാംപ് മിനായിൽ ഇതിനു സമീപമായിരിക്കും.

തീർഥാടകരെ യാത്രയാക്കാനും സ്വീകരിക്കാനും ഹജ് വൊളന്റിയർമാരുണ്ടാകും. ഓരോ രാജ്യത്തിനും നൽകിയിരിക്കുന്ന സമയക്രമം അനുസരിച്ച് മുതവ്വിഫുമാർ അവരെ സ്റ്റേഷനുകളിലെത്തിക്കും. ഓരോ സംഘത്തിനൊപ്പവും വഴികാട്ടികളായി ഇന്ത്യൻ ഹജ് മിഷൻ വൊളന്റിയർമാരുമുണ്ടാകും. ചൂടിൽ വലയാതെയും മണിക്കൂറുകൾ വഴിയിൽ കാത്തു കിടക്കാതെയും അറഫയിലേക്കും തിരിച്ചും യാത്ര സാധ്യമാകുമെന്നതാണു മശാഇർ ട്രെയിൻ സർവീസിന്റെ മെച്ചം.

കഴിഞ്ഞ വർഷങ്ങളിൽ യാത്ര ട്രെയിനിലായതു കൊണ്ടാണ് അറഫയിൽ നിന്നു നേരത്തെ മുസ്ദലിഫയിൽ എത്താനും അവിടെനിന്നു തിരക്കേറുന്നതിനു മുൻപു മിനായിലെത്തി സുഗമമായി കല്ലേറു കർമം നിർവഹിക്കാനും കഴിഞ്ഞത്. ഹജ്ജിനുള്ള ഒരുക്കങ്ങൾ എല്ലാ വകുപ്പുകളും പൂർത്തിയാക്കിയതായി മക്ക ഗവർണർ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ പറഞ്ഞു.

പുണ്യസ്ഥലങ്ങളിലെത്തി ഒരുക്കങ്ങൾ വിലയിരുത്തിയ ശേഷമുള്ള വാർത്താസമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദഹം. എല്ലാ തീർഥാടകർക്കും തുല്യ പരിഗണനയാണ്. സുരക്ഷയ്ക്കു ഭംഗം വരുത്തുന്ന ഒരു നടപടിയും അനുവദിക്കില്ല. ജിദ്ദ വിമാനത്താവളത്തിൽനിന്നു മക്കയിലെ താമസ സ്ഥലത്തെത്താൻ കഴിഞ്ഞ വർഷം ആറു മണിക്കൂർ വേണ്ടിയിരുന്നെങ്കിൽ ഇപ്പോഴതു മൂന്നു മണിക്കൂറായി കുറയ്ക്കാൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

Your Rating: