Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാത്രി മുഴുവൻ പ്രാർഥനയിൽ മുഴുകി ഹജ് തീർഥാടകർ

haj

മക്ക ∙ കനത്ത ചൂടായതിനാൽ ഹജ് തീർഥാടകരിലേറെയും പ്രാർഥനയ്ക്കു ഹറം പള്ളിയിലെത്തുന്നതു രാത്രിയിൽ. പലരും പുലരുവോളം പള്ളിയിലിരുന്നു സുബ്ഹി നമസ്കാരവും കഴിഞ്ഞാണു ക്യാംപുകളിലേക്കു മടങ്ങുന്നത്. ഏറെപ്പേരും ഉംറ നിർവഹിക്കുന്നതും രാത്രിയിൽ തന്നെ. നിർമാണപ്രവർത്തനം ഇടതടവില്ലാതെ നടക്കുന്നതിനാൽ ഹറം പള്ളിയിൽ സുരക്ഷാക്രമീകരണം ശക്തമാക്കിയിട്ടുണ്ട്. കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത് അബ്ദുൽ അസീസ്, മലിക് ഫഹദ് കവാടങ്ങളിലാണ്.

നിർമാണപ്രവർത്തനം നടക്കുന്നതിനാൽ ബാബുൽ ഉംറയും ബാബുൽ ഫതഹും അടച്ചിട്ടിരിക്കുന്നതിനാലാണു മറ്റു കവാടങ്ങളിൽ ക്രമാതീതമായ തിരക്കു രൂപപ്പെടുന്നത്. നമസ്കാര സമയത്തിനു മണിക്കൂറുകൾക്കു മുൻപുതന്നെ തിരക്കു നിയന്ത്രിക്കാനായി സുരക്ഷാസൈന്യം പ്രവേശനകവാടം അടച്ചിടുകയാണിപ്പോൾ. അതിനിടെ, ഹജ് കഴിയുന്നതു വരെ കഅബാലയത്തിനു ചുറ്റുമുള്ള മതാഫിൽ (പ്രദക്ഷിണമുറ്റം) നിസ്കാരം നിർവഹിക്കുന്നതു താൽക്കാലികമായി വിലക്കി.

പ്രദക്ഷിണ വഴികളിൽ നമസ്കരിക്കുകയും ഇരിക്കുകയും ചെയ്യുന്നതു തവാഫ് ചെയ്യുന്നവർക്കു പ്രയാസമുണ്ടാക്കുമെന്നതിനാലാണു നടപടി. പള്ളിയുടെ പുതുതായി പണിത വടക്കുഭാഗവും പ്രാർഥനയ്ക്കായി തുറന്നുകൊടുത്തു. എല്ലാ തീർഥാടകർക്കും സൗജന്യമായി ഖുർആൻ കോപ്പി വിതരണവും ആരംഭിച്ചു. ഇതിനായി പ്രത്യേക ഓഫിസ് തന്നെ ഒരുക്കിയിട്ടുണ്ട്. 33 ഭാഷകളിൽ പരിഭാഷയും ലഭ്യമാണ്. മദീനയിലെ കിങ് ഫഹദ് ഖുർആൻ പ്രിന്റിങ് കോംപ്ലക്സിലെ മുസ്ഹഫുകളാണു വിതരണം ചെയ്യുന്നത്.

Your Rating: