Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരുമാനത്തിൽ കവിഞ്ഞ പണം നാട്ടിലേക്ക് അയയ്ക്കുന്നത് നിയന്ത്രിക്കാൻ സൗദി

money

ജിദ്ദ∙ വരുമാനത്തിലും കൂടുതൽ പണം പ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്നതു നിയന്ത്രിക്കാൻ സൗദി അറേബ്യ സംവിധാനം ഏർപ്പെടുത്തുന്നു. ഒട്ടേറെ പ്രവാസികൾ വരുമാനത്തിൽ കവിഞ്ഞ പണം നാട്ടിലേക്ക് അയയ്ക്കുന്നതു ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണു ധനകാര്യമന്ത്രാലയം നിയന്ത്രണം കൊണ്ടുവരാ‍ൻ തീരുമാനിച്ചത്. വരുമാനത്തിൽക്കവിഞ്ഞ പണം നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ വന്നുചേരുന്നതായിരിക്കുമെന്നാണ് അധികൃതരുടെ നിഗമനം.

ഒരാൾ ഒരു മാസം നാട്ടിലേക്കയയ്ക്കുന്ന തുക അയാളുടെ മാസവരുമാനത്തിൽ കൂടുതൽ ആകരുതെന്ന നിബന്ധനയാണ് സർക്കാരിന്റെ പരിഗണനയിൽ ഉള്ളത്. പലപ്പോഴും തൊഴിലാളികൾ അവരുടെ മാസവരുമാനത്തേക്കാൾ ഉയർന്ന തുകയും ഇത്തരത്തിൽ അയയ്ക്കാറുണ്ട്. അനധികൃതമായി ജോലി ചെയ്തും മറ്റും സമ്പാദിച്ച തുകയാണ് മിക്കപ്പോഴും ഇത്തരത്തിൽ അയയ്ക്കുന്നതെന്ന് അധികൃതർ പറയുന്നു. അധികം പണം കണ്ടെത്തുന്നതിന് വിദേശ തൊഴിലാളികൾ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതായും കണ്ടെത്തിയിട്ടുണ്ട്.

പുതിയ നിയന്ത്രണം കൊണ്ടുവരിക വഴി കുറ്റകൃത്യങ്ങൾ തടയാനും അനധികൃത തൊഴിലുകൾ ഇല്ലാതാക്കാനും കഴിയുമെന്നാണ് സൗദി ധനമന്ത്രാലയത്തിന്റെ വിലയിരുത്തൽ. വിദേശികളുടെ വരുമാനം പൂർണമായി ബാങ്കുവഴി ആയിരിക്കണമെന്ന് നേരത്തെ തന്നെ സൗദിയിൽ ചട്ടമുണ്ട്. എണ്ണവിലയിടിവിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനും പുതിയ നിയന്ത്രണങ്ങൾ സഹായകരമാകും. സൗദിക്കു പുറമേ കുവൈത്തും വിദേശത്തേക്ക് അയയ്ക്കുന്ന പണത്തിനു നിയന്ത്രണം ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കുന്നുണ്ട്. -

Your Rating: