Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആനുകൂല്യങ്ങൾ നഷ്ടപ്പെടില്ലെന്ന് തൊഴിലാളികൾക്കു മന്ത്രിയുടെ ഉറപ്പ്

ജിദ്ദ ∙ അപ്രതീക്ഷിതമായാണു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ.സിങ് ബുധനാഴ്ച ജിദ്ദയിലെത്തിയത്. പുലർച്ചെ മൂന്നരയോടെ ഡൽഹിയിൽ നിന്നെത്തിയ മന്ത്രി ഉച്ചയോടെയാണു ശുമൈസിയിലെ സൗദി ഓജർ കമ്പനിയുടെ തൊഴിലാളി ക്യാംപ് സന്ദർശിച്ചു തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തിയത്.

സൗദി തൊഴിൽ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. സ്ഥാനപതി അഹമ്മദ് ജാവേദ്, കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ഷെയ്ഖ്, കോൺസൽമാരായ എസ്.ആർ.എച്ച്.ഫഹ്മി, ആനന്ദ് കുമാർ തുടങ്ങിയവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

ഇന്നലെ മടങ്ങേണ്ടിയിരുന്ന തൊഴിലാളികളിൽ കോഴിക്കോടു സ്വദേശി ഷബീർ, ആലപ്പുഴ സ്വദേശി തോമസ് എന്നീ രണ്ടു മലയാളികൾ കൂടി ഉണ്ടായിരുന്നുവെങ്കിലും വിമാന ടിക്കറ്റ് ഡൽഹി വരെ മാത്രമേയുള്ളൂവെന്ന് അറിഞ്ഞതോടെ ഇവർ അവസാന നിമിഷം യാത്ര റദ്ദാക്കി. ഏഴു മാസത്തോളമായി ശമ്പളമില്ലാത്തതിനാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അതിനാൽ, കേരളത്തിൽ വരെ എത്തുന്നതിനുള്ള ടിക്കറ്റില്ലാതെ പോകില്ലെന്നുമുള്ള നിലപാടാണ് ഇരുവരും സ്വീകരിച്ചത്.

തുടർന്നു കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രശ്‌നത്തിൽ ഇടപെടുകയും തൊഴിലാളികൾക്ക് അവരവരുടെ സംസ്ഥാനങ്ങളിൽ എത്തുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. 40 പേരാണ് ഇന്നലെ നാട്ടിലേക്കു തിരിച്ചുപോയത്.

തൊഴിലില്ലാതെ നിൽക്കുന്നവർ നാട്ടിലേക്കു മടങ്ങാൻ തയാറാവണമെന്നു മന്ത്രി ആവർത്തിച്ചു. ഇഖാമയുടെ കാലാവധി കഴിഞ്ഞവർക്ക് അതു പുതുക്കി നാട്ടിലേക്കു പോകുന്നതിന് അൽപംകൂടി സമയമെടുക്കുമെങ്കിലും അല്ലാത്തവർക്കു നാട്ടിലേക്കു പോകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു.

പോകാൻ ആഗ്രഹിക്കാത്തവർ മറ്റു കമ്പനികളിലേക്കു കാലതാമസമില്ലാതെ വീസ മാറ്റുന്നതിനു പരിശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു. ഇതിനാവശ്യമായ എല്ലാ സഹായങ്ങളും സൗദി അധികൃതർ നൽകും. എന്നാൽ പുതിയ തൊഴിൽ തേടുന്നതോ നാട്ടിലേക്കു മടങ്ങുന്നതോ അനിശ്ചിതമായി വൈകിപ്പിക്കരുതെന്നു മന്ത്രി തൊഴിലാളികളോട് ആവശ്യപ്പെട്ടു. തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നഷ്ടമാവില്ലെന്നും സർക്കാർ ഇടപെട്ടു വാങ്ങിത്തരുമെന്നും എന്നാൽ അതിനു നിശ്ചിത സമയപരിധി പറയാനാവില്ലെന്നും മന്ത്രി തൊഴിലാളികളോടു പറഞ്ഞു.

എട്ടു മാസമായി ശമ്പളമില്ലാതെ കഴിയുന്നതിനാൽ തങ്ങളുടെ നാട്ടിലെ കുടുംബങ്ങൾ പട്ടിണിയിലാണെന്നും മക്കളുടെ പഠനം മുടങ്ങിയ അവസ്ഥയിലാണെന്നും തൊഴിലാളികൾ മന്ത്രിയെ ധരിപ്പിച്ചു. അടിയന്തരമായി തങ്ങളുടെ കുടുംബങ്ങൾക്കു സഹായം ലഭ്യമാക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു. തൊഴിൽ നഷ്ടപ്പെട്ടു നാട്ടിലെത്തുന്നവർക്കു വായ്പ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ അതതു സംസ്ഥാന സർക്കാരുകളുടെ സഹായം ഉണ്ടാകുമെന്നുമായിരുന്നു ഇതിനു മന്ത്രിയുടെ മറുപടി. എന്നാൽ മന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി ഒരു വിശദീകരണവും കോൺസുലേറ്റ് നൽകിയിട്ടില്ല. ജിദ്ദയിൽനിന്നു മന്ത്രി കുവൈത്തിലേക്കു പോകുമെന്നാണ് അറിയുന്നത്.

സൗദി ഓജർ ഏറ്റെടുക്കൽ നീക്കം സജീവം

ജിദ്ദ ∙ പ്രതിസന്ധിയിലായ സൗദി ഓജർ കമ്പനി ഏറ്റെടുക്കുന്നതു സംബന്ധിച്ച നീക്കങ്ങൾ സജീവം. ഇതിനുള്ള ചർച്ചകൾക്കായി കമ്പനിയുടമയും മുൻ ലബനൻ പ്രധാനമന്ത്രിയുമായ സഅദ് ഹരീരി സൗദിയിലെത്തിയതായി സൂചനയുണ്ട്. കമ്പനിയിൽ നാൽപതു ശതമാനം പങ്കാളിത്തം വേണമെന്നു ഹരീരി കുടുംബം ആവശ്യപ്പെടുന്നതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. സൗദിയിലെ ഏതു കമ്പനിയാണ് ഓജർ ഏറ്റെടുക്കുന്നതെന്നു വ്യക്തമായിട്ടില്ല.

Your Rating: