Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹജ്: കൂടുതൽ തീർഥാടകർ ഇന്തൊനീഷ്യയിൽ നിന്ന്

HAJJ-2016

മക്ക∙ ഇത്തവണ ഹജ്ജിന് ഏറ്റവും കൂടുതൽ വിദേശ തീർഥാടകർ ഇന്തൊനീഷ്യയിൽ നിന്ന്: 1,71,000 പേർ. പാക്കിസ്ഥാൻ (1,53,000) രണ്ടാമതും ഇന്ത്യ (1,36,200) മൂന്നാമതുമാണ്. ഇന്ത്യൻ തീർഥാടകരിൽ 12,750 പേർ 70 വയസ്സു പിന്നിട്ടവരാണെന്നു ഹജ് മിഷൻ അറിയിച്ചു. ഇതുവരെ 37 പേർ മരിച്ചു. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ആരോഗ്യ ബോധവൽക്കരണ ക്ലാസിൽ വിവിധ രാജ്യങ്ങളിലെ ഒരു ലക്ഷത്തോളം തീർഥാടകരാണ് ഇതുവരെ പങ്കെടുത്തത്. ആരോഗ്യ പരിപാലന നിർദേശങ്ങൾ അടങ്ങിയ ലഘുലേഖകൾ 10 ഭാഷകളിൽ അച്ചടിച്ചു വിതരണം ചെയ്യുന്നുണ്ട്.

അറഫയിലും മിനായിലും മദീനയിലുമായി 25 ആശുപത്രികളിൽ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിക്കഴിഞ്ഞു. കൂടാതെ നൂറ്റൻപതോളം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും ക്ഷീണം മൂലം തളർന്നുവീഴുന്ന തീർഥാടകർക്കു തൽസമയം വൈദ്യസഹായം നൽകുന്നതിനുള്ള ക്രമീകരണങ്ങളും തയാറാക്കിയിട്ടുണ്ട്. കടുത്ത ചൂടുമൂലം തളർന്നുവീണ 170 തീർഥാടകർക്കു വൈദ്യപരിചരണം നൽകിയതായും അധികൃതർ അറിയിച്ചു.

നാടുകടത്തപ്പെട്ടവർ പുതിയ പാസ്പോർട്ടിലെത്തി; പിടിയിലായി

മക്ക∙ സൗദിയിൽ നിന്നു നാടുകടത്തപ്പെട്ടവർ മേൽവിലാസം മാറ്റിയ പാസ്പോർട്ടുമായി തീർഥാടനത്തിന് എത്തി പിടിയിലായി. വിവിധ കുറ്റകൃത്യങ്ങൾക്കു നാടുകടത്തപ്പെട്ട 26 പേരാണു ജിദ്ദ ഹജ് ടെർമിനലിൽ പാസ്പോർട്ട് വിഭാഗത്തിന്റെ പിടിയിലായത്. ഇവരെ പൊലീസിനു കൈമാറി. അനുമതിപത്രം ഇല്ലാതെ ഹജ്ജിനെത്തിയ 3055 പേരെ സൗദിയുടെ വിവിധ പ്രവേശന കവാടങ്ങളിൽ നിന്നു പിടികൂടിയിട്ടുണ്ട്.

വിരലടയാളവും മിഴിയടയാളവും ശേഖരിച്ചശേഷം ഇവരെ നാടുകടത്തും. മക്ക നിവാസികൾക്കും ഇവിടെ താമസ വീസയുള്ള വിദേശികൾക്കും മക്കയിൽ പ്രവേശിക്കുന്നതിനു വിലക്കില്ല. നിയമലംഘകർക്കുള്ള ശിക്ഷ അതേദിവസം തന്നെ വിധിക്കുന്നതിനു മൊബൈൽ കോടതി സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

Your Rating: