Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സൗദിയിൽ പ്രത്യേക സമിതി

job

ന്യൂഡൽഹി ∙ തൊഴിൽ നഷ്‌ടപ്പെട്ടു പ്രതിസന്ധിയിലായ ഇന്ത്യക്കാരെക്കുറിച്ചു കേന്ദ്ര സർക്കാർ ഉന്നയിച്ച ആശങ്കകൾ അംഗീകരിച്ച സൗദി ഭരണകൂടം, ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നു വിദേശകാര്യ മന്ത്രാലയ വക്‌താവ് വികാസ് സ്വരൂപ് പറഞ്ഞു. ശമ്പള പ്രശ്‌നം കൈകാര്യം ചെയ്യാൻ സൗദി തൊഴിൽ മന്ത്രാലയം ക്രൈസിസ് മാനേജ്‌മെന്റ് ഗ്രൂപ്പ് ഉണ്ടാക്കി. ഭക്ഷണം, ശമ്പള കുടിശിക, ജോലിമാറ്റം, ഇന്ത്യയിലേക്കുള്ള മടക്കം എന്നിങ്ങനെ ഇപ്പോഴത്തെ പ്രതിസന്ധിയുമായി ബന്ധപ്പെട്ടു നാലു വിഷയങ്ങളാണുള്ളത്. അവ എങ്ങനെ കൈകാര്യം ചെയ്യുന്നവെന്നതിനെക്കുറിച്ച് വക്‌താവിന്റെ വിശദീകരണം ഇങ്ങനെ.

ഭക്ഷണം, ശുചിത്വം അടിസ്ഥാന സൗകര്യങ്ങൾ

പ്രതിസന്ധിയിലായ എല്ലാ തൊഴിലാളികൾക്കും ഭക്ഷണമുറപ്പാക്കും. ഭക്ഷണം ലഭ്യമാക്കുന്നതിന്റെ ഉത്തരവാദിത്തം സൗദി സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. തൊഴിലാളികളുടെ ആരോഗ്യം, താമസസ്‌ഥലത്തെ ശുചിത്വം തുടങ്ങിയവയ്‌ക്കു വേണ്ടത്ര പരിഗണന വേണമെന്നു സഹമന്ത്രി വി.കെ.സിങ് വ്യക്‌തമാക്കി. സൗദിയുടെ തൊഴിൽ – സാമൂഹിക വികസന മന്ത്രാലയത്തിലെ ഡയറക്‌ടർ ജനറൽ, ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറലുമായി ചർച്ച നടത്തി. ഇന്ത്യക്കാർ താമസിക്കുന്ന ക്യാംപുകളിൽ ശുചിത്വം ഉറപ്പാക്കണമെന്നും വൈദ്യുതിയും വെള്ളവും ചികിൽസാ സൗകര്യവും ഉറപ്പാക്കണമെന്നും സൗദി സർക്കാർ നിർദേശിച്ചിട്ടുണ്ട്.

തൊഴിലാളികളുടെ ശമ്പളം

സൗദിയിലെ നിയമമനുസരിച്ച്, വ്യക്‌തികളുടെ പരാതികൾ ലേബർ കോടതികളാണു പരിഗണിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ തൊഴിൽമന്ത്രാലയം സമിതി രൂപീകരിച്ചിട്ടുണ്ട്. ഇന്ത്യൻ തൊഴിലാളികളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനായി ക്രൈസിസ് മാനേജ്‌മെന്റ് ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട്. സൗദി സർക്കാർതന്നെ അഭിഭാഷകനെ നിയോഗിക്കും. തുടർന്നുള്ള നടപടിക്രമങ്ങളുടെ വിശദാംശങ്ങൾ രണ്ടു മൂന്നു ദിവസത്തിനുള്ളിൽ വ്യക്‌തമാവും.

തൊഴിൽമാറ്റത്തിന് ഫീസ് വേണ്ട

റസിഡന്റ് പെർമിറ്റ്, ലേബർ കാർഡ് എന്നിവ പുതുക്കാൻ താൽപര്യപ്പെടുന്ന ഇന്ത്യൻ തൊഴിലാളികൾക്കു ഫീസും പിഴയും നൽകാതെ അതു ചെയ്യാം. പുതിയ തൊഴിലുടമയുടെ കീഴിലേക്കു മാറാൻ താൽപര്യമുള്ളവർ അതിനു ഫീസ് അടയ്‌ക്കേണ്ടതില്ല, പഴയ തൊഴിലുടമയുടെ അനുമതിയും വേണ്ട. തൊഴിൽ മാറാൻ താൽപര്യപ്പെടുന്നവർക്ക് മൂന്നു മാസ കാലാവധിയുള്ള താൽക്കാലിക റസിഡന്റ്– ലേബർ കാർഡിന് തൊഴിൽ മന്ത്രാലയത്തിൽ അപേക്ഷിക്കാം. തൊഴിൽ നഷ്‌ടപ്പെട്ടവർക്കു നിയമനം നൽകാൻ ഇന്ത്യക്കാരുടെ നിർമാണ സ്‌ഥാപനങ്ങളുൾപ്പെടെ പല കമ്പനികളും മുന്നോട്ടുവന്നിട്ടുണ്ട്.

നാട്ടിലേക്ക് മടങ്ങണോ?

ഇന്ത്യയിലേക്കു മടങ്ങാൻ താൽപര്യമുള്ള തൊഴിലാളികൾക്കു സൗദി സർക്കാർ സൗകര്യമൊരുക്കും. മടങ്ങാൻ താൽപര്യപ്പെടുന്നവർക്ക് തങ്ങളുടെ കേസുകളിലെ തുടർനടപടികൾ ജിദ്ദയിലെ ഇന്ത്യൻ കോൺസലേറ്റിനെ ഏൽപിക്കാം. മടങ്ങിവരവിനുള്ള നടപടികൾ വേഗത്തിലെന്നു സൗദി ഉറപ്പാക്കും. ഒട്ടേറെ തൊഴിലാളികളുള്ളതിനാൽ നടപടികൾക്കു സമയമെടുക്കാം. മടങ്ങിവരാനും തൊഴിൽ മാറ്റത്തിനും താൽപര്യമുള്ളവരുടെ പട്ടിക ഇന്ത്യൻ കോൺസലേറ്റ് സൗദി സർക്കാരിനു കൈമാറിയിട്ടുണ്ട്.

Your Rating: