Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദി: സർക്കാർ ഉദ്യോഗസ്ഥരുടെ ആനുകൂല്യങ്ങളും വെട്ടിക്കുറച്ചു

റിയാദ് ∙ മന്ത്രിമാരുടേതടക്കം ശമ്പളം െവട്ടിക്കുറച്ച ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായി സർക്കാർ ജീവനക്കാരുടെ അലവൻസുകളും റദ്ദാക്കി. വിദേശികൾക്കും സ്വദേശികൾക്കും ഇതു ബാധകമാണ്. അടുത്തവർഷം സർക്കാർ ജീവനക്കാർക്കു വാർഷിക അലവൻസ് നൽകില്ല. എന്നാൽ അതിർത്തിയിൽ സൈനിക നടപടിയിൽ പങ്കെടുക്കുന്ന സൈനികർക്കും വിദേശങ്ങളിൽ സൈനിക, ഇന്റലിജൻസ് ഓപ്പറേഷനുകളിൽ പങ്കെടുക്കുന്നവർക്കും അലവൻസ് അനുവദിക്കും.

വാർഷിക അലവൻസ് വിതരണത്തിൽ ഉൾപ്പെടുത്തേണ്ട സൈനികരെ നിർണയിക്കുന്നതിനുള്ള വ്യവസ്ഥകൾക്കു രൂപം നൽകുന്നതിനു പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തി.

രാജ്യത്തു നടപ്പിലാക്കുന്ന ദേശീയ പരിവർത്തന പദ്ധതിയുടെ ഭാഗമായാണു ചെലവുചുരുക്കൽ തീരുമാനം. നിലവിൽ പൊതുവരുമാനത്തിന്റെ 45 ശതമാനം പൊതുമേഖലയിലെ ശമ്പളത്തിനു വേണ്ടിയാണു വിനിയോഗിക്കുന്നത്. അടുത്ത നാലു വർഷത്തിനകം ഇതു 40 ശതമാനമായി കുറയ്ക്കുകയാണു ലക്ഷ്യം. പൊതുചെലവുകൾ വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായി മന്ത്രിമാരുടെ വേതനം 20 ശതമാനമാണു കുറച്ചത്.

ശൂറാ കൗൺസിൽ അംഗങ്ങളുടെ വേതനവും അലവൻസുകളും 15 ശതമാനം കുറച്ചിട്ടുണ്ട്. സർക്കാർ അനുവദിക്കുന്ന ലാൻഡ് ഫോൺ, മൊബൈൽ ഫോൺ ബില്ലുകൾ മന്ത്രിമാർ സ്വയം വഹിക്കണം. മുതിർന്ന ഉദ്യോഗസ്ഥർക്കു സൗജന്യമായി വാഹനങ്ങൾ നൽകുന്നത് അടുത്ത സാമ്പത്തികവർഷം അവസാനം വരെ നിർത്തിവച്ചു. പാർപ്പിട ആവശ്യത്തിനും ഫർണിച്ചർ വാങ്ങുന്നതിനും ശൂറാ കൗൺസിൽ അംഗങ്ങൾക്ക് അനുവദിക്കുന്ന വാർഷിക അലവൻസിലും 15% കുറവു വരുത്തി. കാർ വാങ്ങുന്നതിനും കാറുകളിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനും ഇന്ധനം നിറയ്ക്കുന്നതിനും ഡ്രൈവറെ നിയമിക്കുന്നതിനും ശൂറാ കൗൺസിൽ അംഗങ്ങൾക്ക് വിതരണം ചെയ്യുന്ന അലവൻസും കുറച്ചു.

പൊതുവരുമാനം വർധിപ്പിക്കുന്നതിന് ഈയിടെ ഒട്ടേറെ തീരുമാനങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഇന്ധന, വൈദ്യുതി, ജല നിരക്കുകൾ വർധിപ്പിക്കുകയും വീസാ ഫീസുകളും ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴകളും ഉയർത്തുകയും ചെയ്തു. പുതിയ ഫീസുകൾ ഒക്‌ടോബർ രണ്ടിനു നിലവിൽവരും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.