Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുപി സ്വദേശിയുടെ കൊലപാതകം: മലയാളികൾ ഉൾപ്പെടെയുള്ളവരെ വിട്ടയച്ചു

റിയാദ് ∙ സൗദിയിലെ സകാക്കയിൽ യുപി സ്വദേശി ദിലീപ് ശർമ്മ കൊല്ലപ്പെട്ട കേസിൽ പൊലീസ് കസ്റ്റഡിയിലായിരുന്ന മൂന്നു മലയാളികൾ ഉൾപ്പെടെ ആറുപേരും മോചിതരായി. കരുനാഗപ്പള്ളി, പത്തനംതിട്ട, കണ്ണൂർ സ്വദേശികളാണു വിട്ടയയ്ക്കപ്പെട്ട മലയാളികൾ. കമ്പനി പ്രതിനിധിയുടെ ജാമ്യത്തിലാണു പുറത്തിറങ്ങിയത്. ഈ മാസം എട്ടിനാണ് ദിലീപ് ശർമ്മയെ താമസ സ്ഥലത്തു മരിച്ചനിലയിൽ കണ്ടത്തെിയത്. കുടുംബ പ്രശ്നങ്ങളാണു സംഭവത്തിലേക്കു നയിച്ചതെന്നാണ് കൂട്ടുകാരുടെ വിശ്വാസം. വിവാഹിതനാണ്.

കഴിഞ്ഞ മാർച്ചിൽ നാട്ടിൽനിന്നു മടങ്ങിയെത്തിയ ദിലീപ് അസ്വസ്ഥനായിരുന്നു. നാട്ടിലേക്കു മടങ്ങാൻ ആഗ്രഹിച്ച് എക്സിറ്റിനായി കമ്പനിയെ സമീപിച്ചെങ്കിലും അനുവാദം കിട്ടിയില്ല. മണിക്കൂറുകളോളം നാട്ടിലേക്കു ഫോൺ ചെയ്തു കരയാറുണ്ടായിരുന്നു. ആരോഗ്യവാനായിരുന്ന ദിലീപ് ഭക്ഷണത്തോടും മറ്റുമുള്ള വിരക്തി മൂലം കുറച്ചുദിവസം കൊണ്ടു തന്നെ ക്ഷീണിച്ചു. മൂന്നു മാസത്തിലധികമായി കമ്പനിയിൽനിന്നു ശമ്പളവും മറ്റാനുകൂല്യങ്ങളും കിട്ടാത്തതിനാൽ ദിലീപടക്കമുള്ള 15 പേർ ആദ്യം ലേബർ കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു.

അതിൽ ദിലീപൊഴികെ എല്ലാവരെയും കമ്പനി എല്ലാ ആനുകൂല്യങ്ങളും നൽകി എക്സിറ്റിൽ നാട്ടിലേക്കു വിട്ടു. ഇതോടെ നിരാശ കൂടിയിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. ബാക്കിയുള്ള തൊഴിലാളികളും ശമ്പളത്തിനായി ലേബർ ഓഫിസിനെ സമീപിച്ചിരിക്കുകയാണ്. സംഭവവുമായി കസ്റ്റഡിയിലെടുത്തവർക്കു ബന്ധമില്ലെന്നാണു പൊലീസ് കേന്ദ്രങ്ങളിൽനിന്ന് അറിയാൻ കഴിഞ്ഞതെന്ന് അൽജൗഫ് വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറി അറിയിച്ചു.

Your Rating: