Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദി മൊബൈൽ ഫോൺമേഖലയിൽ ഇനി സ്വദേശികൾ മാത്രം

mobile-shop

റിയാദ് ∙ ഇന്നുമുതൽ സൗദി അറേബ്യയിലെ മൊബൈൽ ഫോൺ വിൽപന, സർവീസ് കേന്ദ്രങ്ങളിൽ സമ്പൂർണ സ്വദേശിവൽക്കരണം പ്രാബല്യത്തിൽ. പ്രവാസികൾ നടത്തിവന്ന കടകളിൽ ഭൂരിഭാഗവും അടച്ചുപൂട്ടി. ചില സ്ഥാപനങ്ങൾ ഇതിനകം ഇലക്ട്രോണിക്സ്, ഫാൻസി, സ്റ്റേഷനറി തുടങ്ങിയവയിലേക്കു ലൈസൻസ് മാറ്റിയിട്ടുണ്ട്. മൊബൈൽ ഫോണുകളുടെയും അനുബന്ധ സംവിധാനങ്ങളുടെയും നിലവിലുള്ള സ്റ്റോക്ക് വിറ്റഴിക്കാനാകാത്തതു നഷ്ടമുണ്ടാക്കിയെന്നു പ്രവാസികൾ പറയുന്നു.

ലൈസൻസ് മാറ്റിയ കടകളിൽ ഫോൺ വിൽക്കാനോ സർവീസിങ് നടത്താനോ നിയമപ്രകാരം കഴിയുകയില്ല. പിടിക്കപ്പെട്ടാൽ നാടുകടത്തലും പിഴയുമാണു ശിക്ഷ. മൊബൈൽ മേഖലയിൽ ജോലിയിൽ തുടർന്നാൽ നിയമ നടപടികൾ നേരിടേണ്ടിവരുമെന്ന് ഭയന്നു പ്രവാസികളിൽ ഒരു വിഭാഗം ഈയാഴ്ചതന്നെ നാട്ടിലേക്കു മടങ്ങാനും ഒരുങ്ങുന്നു. ആയിരക്കണക്കിനു മലയാളികളാണു സൗദിയിലെ മൊബൈൽ വിൽപന, അനുബന്ധ മേഖലകളിൽ ജോലി ചെയ്തിരുന്നത്.

എല്ലാ പ്രവിശ്യകളിലെയും മൊബൈൽഫോൺ കടകളിൽ ശക്തമായ പരിശോധന ആരംഭിക്കുമെന്നു തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇന്നും നാളെയും വാരാന്ത്യ അവധി ആയതിനാൽ ഞായറാഴ്ചമുതലാണു പരിശോധന ഊർജിതമാക്കുക. മൊബൈൽഫോൺ കടകളിൽ ജോലി ചെയ്യുന്നതിന് അര ലക്ഷത്തോളം സൗദി യുവതീയുവാക്കൾക്കാണ് അധികൃതർ പരിശീലനം നൽകിയത്. തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മാനവശേഷി വികസന നിധിയുടെ (ഹദഫ്) സാമ്പത്തിക സഹായത്തോടെയാണു പരിശീലനം.

ജോലിയിൽ പ്രവേശിക്കുന്നവരുടെ വേതനത്തിന്റെ പകുതിയും ഹദഫ് വഹിക്കും. സ്വന്തമായി മൊബൈൽഫോൺ കടകൾ ആരംഭിക്കുന്ന സ്വദേശികൾക്കു സാമ്പത്തിക സഹായവും നൽകുന്നുണ്ട്. മാസത്തിൽ മൂവായിരം റിയാൽ വീതം രണ്ടു വർഷമാണ് ധനസഹായം. മൊബൈൽഫോൺ വിൽപന, കസ്റ്റമർ സർവീസ്, മൊബൈൽഫോൺ ബേസിക് മെയിന്റനൻസ്, അഡ്വാൻസ്ഡ് മെയിന്റനൻസ് എന്നിവയിലാണു നിലവിൽ പരിശീലനം നൽകുന്നത്.

മൂന്നുമാസത്തിനിടെ കണ്ടെത്തിയത് 3,178 നിയമ ലംഘനങ്ങൾ

50 ശതമാനം സൗദിവൽക്കരണം പ്രാബല്യത്തിലായ ജൂൺ ആറ് മുതൽ ഓഗസ്റ്റ് ആറുവരെ മൊബൈൽ ഫോൺ കടകളിൽ തൊഴിൽ-സാമൂഹിക വികസന, മുനിസിപ്പൽ, വാണിജ്യ-നിക്ഷേപ മന്ത്രാലയങ്ങളും പൊലീസും സഹകരിച്ച് നടത്തിയ റെയ്ഡുകളിൽ 3,178 നിയമ ലംഘനങ്ങൾ കണ്ടെത്തി. സ്ഥാപനങ്ങൾക്കുള്ള ശിക്ഷ തീരുമാനിക്കുന്നതിന് 2,331 നിയമ ലംഘനങ്ങൾ പണിഷ്‌മെന്റ് കമ്മിറ്റിക്ക് കൈമാറി. റെയ്ഡുകൾക്കിടെ അടച്ചിട്ട നിലയിൽ കണ്ടെത്തിയ 847 മൊബൈൽ ഫോൺ കടകൾക്ക് മുന്നറിയിപ്പ് നൽകി.

സൗദിവൽക്കരണം പാലിക്കാത്തതിന് 1,812 മൊബൈൽ ഫോൺ കടകൾ പരിശോധനകൾക്കിടെ അടപ്പിച്ചു. രണ്ടു മാസത്തിനിടെ 22,568 മൊബൈൽ ഫോൺ കടകളിലാണ് വിവിധ മന്ത്രാലയങ്ങൾ സഹകരിച്ച് പരിശോധനകൾ നടത്തിയത്. സൗദിവൽക്കരണം പാലിക്കാത്ത മൊബൈൽ ഫോൺ കടകളെക്കുറിച്ചും മറ്റു തൊഴിൽ നിയമ ലംഘനങ്ങളെക്കുറിച്ചും ഓൺലൈൻ വഴിയോ ഏകീകൃത കസ്റ്റമർ സർവീസ് നമ്പറിൽ (19911) ബന്ധപ്പെട്ടോ അറിയിക്കണമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. ഫഹദ് അൽഉവൈദി ആവശ്യപ്പെട്ടു.

നിയമം ലംഘിച്ചാൽ കനത്ത ശിക്ഷ

സമ്പൂർണ സൗദിവൽക്കരണ തീരുമാനം ലംഘിച്ച് വിദേശികളെ ജോലിക്കു നിയമിച്ചാൽ ഓരോ വിദേശ ജോലിക്കാരനും 20,000 (ഏകദേശം 3.56 ലക്ഷം രൂപ) റിയാൽ വീതം തൊഴിലുടമകൾക്കു പിഴ ചുമത്തുമെന്നു തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ അറിയിച്ചു.  

Your Rating: