Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദി ഓജര്‍ കമ്പനിക്കെതിരെ മുപ്പതിനായിരത്തിലേറെ പരാതികള്‍

saudi-workers2 ദുരിതത്തിലായ ഇന്ത്യൻ തൊഴിലാളികൾക്ക് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തപ്പോൾ

ജിദ്ദ​​∙ സൗദിയിലെ ഏറ്റവും വലിയ ​കരാർ​ കമ്പനികളിലൊന്നായ സൗദി ഓജര്‍ കമ്പനിക്കെതിരെ തൊഴിലാളികളില്‍ നിന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് 31,000 പരാതികള്‍ ലഭിച്ചതായി​ അധികൃതര്‍ പറഞ്ഞു. സൗദി ജീവനക്കാര്‍ക്കും വിദേശ തൊഴിലാളികള്‍ക്കും വേതനം വിതരണം ചെയ്യാന്‍ സാധിക്കാത്ത പശ്ചാത്തലത്തില്‍ കമ്പനി ഏറ്റെടുത്തിരുന്ന മുഴുവന്‍ പദ്ധതികളും നിര്‍ത്തി​ വച്ചിട്ടുണ്ട്. ഇത് തൊഴിലാളികളുടെ ദുരിതം വര്‍ധിപ്പിച്ചു. 

ഫൈനല്‍ എക്‌സിറ്റില്‍ വിദേശ തൊഴിലാളികളെ സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതും തടസ്സപ്പെട്ടിരിക്കുകയാണ്. തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം, ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ്, ജവാസാത്ത് അടക്കമുള്ള വകുപ്പുകളില്‍ നിന്ന് കമ്പനിക്കുള്ള സേവനങ്ങള്‍ നിര്‍ത്തി​വച്ചു​. റിയാദ്, ജിദ്ദ, മക്ക, മദീന, ജിസാന്‍, ഹായില്‍, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലെ ശാഖകളില്‍ ജോലി ചെയ്തിരുന്ന 45 സൗദി, വിദേശ എന്‍ജിനീയര്‍മാരുടെ കരാറുകള്‍ കമ്പനി അവസാനിപ്പിച്ചിട്ടുണ്ട്. ഇവരുടെ വേതന കുടിശ്ശികയും സര്‍വീസ് ആനുകൂല്യവും നല്‍കിയിട്ടില്ല. 

ഒമ്പതു മാസമായി വേതനം ലഭിച്ചിട്ടില്ലെന്ന് കമ്പനിയിലെ എന്‍ജിനീയര്‍മാര്‍ പറഞ്ഞു. കടം കുമിഞ്ഞുകൂടിയതിനാല്‍ നിത്യച്ചെലവുകള്‍ക്കു പോലും വകയില്ലാതെ കഷ്ടപ്പെടുകയാണ്. സൗദി ഓജര്‍ കമ്പനിയില്‍ 58,000 ജീവനക്കാരാണുള്ളത്. ഇവരില്‍ 23 ശതമാനം പേര്‍ സൗദികളാണ്. പല തൊഴിലാളികളുടെയും കുടുംബങ്ങള്‍ പട്ടിണിയിലാണ്. രോഗങ്ങളാല്‍ വലയുന്നവര്‍ക്ക് ചികിത്സ ലഭിക്കുന്നില്ല. സൗദി ഓജര്‍ കമ്പനിക്ക് സൗദിയില്‍ മൂവായിരം കോടി റിയാലി​ന്റെ ആസ്തിയുണ്ട്. 

വിവിധ രാജ്യക്കാരായ തൊഴിലാളികള്‍ തങ്ങളുടെ എംബസികളെയും കോണ്‍സുലേറ്റുകളെയും പരാതികളുമായി സമീപിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. വേതന കുടിശ്ശിക ആവശ്യപ്പെട്ട് സൗദി ഓജര്‍ കമ്പനി തൊഴിലാളികള്‍ ദിവസങ്ങള്‍ക്കു മുമ്പ് ഉത്തര ജിദ്ദയിലെ റോഡ് ഉപരോധിച്ചിരുന്നു. സുരക്ഷാ വകുപ്പുകള്‍ ഇടപെട്ടാണ് തൊഴിലാളികളെ പിരിച്ചുവിട്ടത്.

സൗദി ഓജറും സൗദി ബിന്‍ ലാദിനും അടക്കം നാലു കമ്പനികളിലേക്ക് തൊഴിലാളികളെ അയക്കുന്നത് ഫിലി​പ്പീന്‍സ് വിലക്കിയിട്ടുണ്ട്. ഈ കമ്പനികള്‍ 11,000 ഫിലിപ്പിനോകളെ പിരിച്ചുവിട്ടതാണ് വിലക്കിന് പ്രേരകം. സൗദി ഓജര്‍ കമ്പനിയിലെ മൊറോ​ക്കന്‍ തൊഴിലാളികള്‍ തങ്ങളുടെ രാജ്യത്തി​ന്റെ​ എംബസിക്ക് പരാതി നല്‍കിയിട്ടുണ്ട്.

 ഫ്രഞ്ച് തൊഴിലാളികള്‍ക്ക് വേതന വിതരണം വൈകുന്ന പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സൗദിയിലെ ഫ്രഞ്ച് ​സ്ഥാനപതി കമ്പനി മാനേജര്‍മാര്‍ക്ക് കത്തയ​ച്ചു. ഈജിപ്ത്, ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ എംബസികളും കോണ്‍സുലേറ്റുകളും പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ട്. 

വേതനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കമ്പനിയിലെ തൊഴിലാളികള്‍ സംഘടിച്ചതി​ൻ്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ഏതാനും വിദേശ ചാനലുകള്‍ സംപ്രേഷണം ചെയ്തത് കമ്പനിക്ക് അപകീര്‍ത്തിയുണ്ടാക്കി. ഒരു വര്‍ഷം മുമ്പ് 58,000 ജീവനക്കാര്‍ കമ്പനിയിലുണ്ടായിരുന്നു. ഇവരില്‍ 27,000 പേരെ പിരിച്ചുവിട്ടിട്ടുണ്ട്. പിരിച്ചുവിട്ടവരില്‍ അധിക പേര്‍ക്കും വേതന കുടിശ്ശികയും സര്‍വീസ് ആനുകൂല്യങ്ങളും ലഭിച്ചിട്ടില്ല. 

Your Rating: