Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മക്ക ഹജ് ക്യാംപുകളിലെ പാചകവിലക്കിൽ ഇളവ്

മക്ക ∙ ഹറം പള്ളിക്കടുത്തുള്ള ഹജ് ക്യാംപുകളിലെ പാചകവിലക്കിൽ ഇളവ് അനുവദിച്ചതായി ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്‍മാൻ ഷെയ്ഖ് അറിയിച്ചു. ഗ്രീൻ കാറ്റഗറിയിലെ തീർഥാടക ക്യാംപുകളിൽ കഴിഞ്ഞദിവസമാണു സുരക്ഷാകാരണങ്ങളാൽ പാചകവാതക ഉപയോഗം വിലക്കിയത്. ഇളവനുസരിച്ച്, നിയന്ത്രണ മേഖലയിലെ കെട്ടിടങ്ങളിലെ ഓരോ നിലയിലും ഓരോ അടുക്കള വീതം ഉപയോഗിക്കാനാണ് അനുമതി.

മറ്റു കെട്ടിടങ്ങളിൽ താമസിക്കുന്ന ഹാജിമാർക്കു സാധാരണപോലെ ഭക്ഷണം പാചകം ചെയ്യാം. അതേസമയം, വിലക്കിനെത്തുടർന്നു കെട്ടിടങ്ങളിൽ നിന്നു നീക്കംചെയ്ത അടുക്കള ഉപകരണങ്ങളും പാചകവാതകവും പുനഃസ്ഥാപിച്ചിട്ടില്ല. രേഖാമൂലം വിവരം ലഭിക്കാത്തതിനെ തുടർന്നാണിത്. ഇലക്ട്രിക് സ്റ്റൗ ഉപയോഗിച്ചാണു തൽക്കാലം പാചകം തുടരുന്നതെന്നു മലയാളി ഹാജിമാർ പറഞ്ഞു.

ഇന്നലെയും ബുധനാഴ്ചയും മക്കയിലെ സന്നദ്ധ സംഘടനകൾ ഭക്ഷണം വിതരണം ചെയ്തതു തീർഥാടകർക്ക് ഏറെ ആശ്വാസമായി. ഗ്രീൻ കാറ്റഗറി േമഖലയിൽ പാചകം വിലക്കിക്കൊണ്ടുള്ള അപ്രതീക്ഷിത ഉത്തരവ് മലയാളികളടക്കമുള്ള തീർഥാടകരെ സാരമായി ബാധിച്ചിരുന്നു. ഇക്കാര്യമുന്നയിച്ചു മുഹമ്മദ് നൂർ‌ റഹ്മാൻ ഷെയ്ഖ് മക്ക ഗവർണർ ഖാലിദ് അൽ ഫൈസലുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

Your Rating: