Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൊഴിൽ പ്രശ്നം: സൗദി രാജാവ് 177 കോടി രൂപ അനുവദിച്ചു

work

റിയാദ് ∙ ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളിലെ തൊഴിലാളികൾ നേരിടുന്ന ശമ്പള കുടിശികയടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ 10 കോടി റിയാൽ (ഏകദേശം 177.80 കോടി രൂപ) അനുവദിച്ചു സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ഉത്തരവ്. ദുരിതത്തിലായവരെ സഹായിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും എല്ലാവർക്കും മുഴുവൻ ശമ്പളവും ലഭിച്ചെന്ന് ഉറപ്പുവരുത്തണമെന്നും തൊഴിൽമന്ത്രാലയത്തിനു നിർദേശം നൽകി.

അതിനിടെ, ശമ്പള കുടിശിക നൽകാനും 20,000 ജീവനക്കാരുടെ മെഡിക്കൽ ഇൻഷുറൻസ് പുതുക്കാനും കഴിയാതെ സാമ്പത്തിക പ്രതിസന്ധിയിലായ ഓജർ കൺസ്ട്രക്‌ഷൻ കമ്പനി, പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടേക്കും. ശമ്പളവും ആനുകൂല്യവുമില്ലാതെ, ഭക്ഷണത്തിനുപോലും വകയില്ലാതെ സൗദിയിൽ കുടുങ്ങിക്കിടക്കുന്ന ഓജർ ജീവനക്കാരിൽ ആയിരക്കണക്കിന് ഇന്ത്യക്കാരുമുണ്ട്.

ഉന്നതോദ്യോഗസ്ഥർക്ക് അഞ്ചുലക്ഷം റിയാൽ വരെ (ഏകദേശം 88.9 ലക്ഷം രൂപ) സേവനാനുകൂല്യ ഇനത്തിൽ ലഭിക്കാനുണ്ടെന്നാണു വിവരം.

രാജാവിന്റെ ഉത്തരവിലെ മറ്റു നിർദേശങ്ങൾ:

∙ ശമ്പള കുടിശിക ലഭിക്കാത്ത കേസുകളിൽ തൊഴിലാളികൾക്കു നിയമസഹായം നൽകണം

∙ ശമ്പളം കൊടുത്തുതീരുംവരെ കമ്പനികളുടെ ബില്ലുകൾ പാസാക്കരുത്

∙ തൊഴിലാളികൾക്കു താമസവും ഭക്ഷണവും ഉറപ്പാക്കണം

∙ നാട്ടിലേക്കു മടങ്ങാനാഗ്രഹിക്കുന്നവർക്കു വേഗം എക്സിറ്റ് വീസ ലഭ്യമാക്കണം

∙ അതതു നാട്ടിലെത്തിക്കാൻ സൗദി എയർലൈൻസ് സർവീസുകൾ ക്രമീകരിക്കണം, ഇതിനു ചെലവാകുന്ന പണം കമ്പനികളിൽനിന്ന് ഈടാക്കണം. തൊഴിൽ പ്രശ്നങ്ങളിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായി ചർച്ച നടത്തുമെന്നും സൗദി അധികൃതർ അറിയിച്ചു.
 

Your Rating: