Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹജ് യാത്രയ്ക്ക് നാളെ മുതൽ ഓരോ വിമാന സർവീസ്

നെടുമ്പാശേരി ∙ സംസ്ഥാന ഹജ് കമ്മിറ്റി വഴി ഹജ്ജിനു പുറപ്പെടുന്നവർക്കായി നാളെ മുതൽ ഓരോ വിമാനമേ സർവീസ് നടത്തൂ. സെപ്റ്റംബർ അഞ്ചിനാണ് അവസാന സർവീസ്. ഒന്ന്, മൂന്ന്, നാല്, അഞ്ച് തീയതികളിൽ വിമാനം വൈകിട്ട് 5.20നു ഇവിടെനിന്നു പുറപ്പെടും. രണ്ടിനു വൈകിട്ട് ആറിനായിരിക്കും സർവീസ്. എല്ലാം 450 പേർക്കു കയറാവുന്ന വിമാനങ്ങളാണ്.

ഈ വർഷത്തെ ഹജ് കർമത്തിനായി സംസ്ഥാന ഹജ് കമ്മിറ്റി വഴി നെടുമ്പാശേരി ഹജ് ക്യാംപിൽ നിന്ന് ഇനി യാത്രയാകാനുള്ളത് 3095 തീർഥാടകരാണ്. ഇവരിൽ കേരളത്തിൽ നിന്നുള്ള 2778 പേരും ലക്ഷദ്വീപിൽ നിന്നുള്ള 289 പേരും മാഹിയിൽ നിന്നുള്ള 28 പേരുമുണ്ട്. സംസ്ഥാനത്തുനിന്നു 10,283 പേർക്കാണു ഹജ്ജിന് അനുമതി ലഭിച്ച‌ത്. രണ്ടു വയസ്സിൽ താഴെയുള്ള അഞ്ചു കുട്ടികൾ ഉൾപ്പെടെ 7,505 പേർ നെടുമ്പാശേരി ഹജ് ക്യാംപ് വഴി ഇതുവരെ യാത്രയായി.

സൗദി എയർലൈൻസ് ഇതുവരെ 19 സർവീസാണു നടത്തിയത്. ഇന്നലെ രണ്ടു വിമാനത്തിൽ 900 പേർ യാത്രയായി. ഇന്നും രണ്ടു വിമാനത്തിൽ 900 പേർ യാത്രതിരിക്കും.‌ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ നിന്നുള്ള തീർഥാടകർ അഞ്ചിനു പുറപ്പെടുന്ന അവസാന വിമാനത്തിൽ യാത്രയാകും. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 14 വരെ തീയതികളിൽ മദീന വിമാനത്താവളത്തിൽ നിന്നാണ് ഇവരുടെ മടക്കയാത്ര.

Your Rating: