Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹജ് ചടങ്ങുകൾ നാളെ മുതൽ; ഇന്ത്യൻ തീർഥാടകർ ഇന്നു മിനായിലേക്ക്

 പുണ്യം തേടി: മക്ക ഹറം പള്ളിയിൽ കഅബ പ്രദക്ഷിണം നിർ‌വഹിക്കുന്ന ഹജ് തീർഥാടകർ.

മക്ക∙ ഈ വർഷത്തെ ഹജ് ചടങ്ങുകൾക്കു നാളെ തുടക്കമാകും. തീർഥാടക ലക്ഷങ്ങളെ വരവേൽക്കാൽ മിനായിൽ ഒരുക്കങ്ങൾ പൂർത്തിയായി. ഹജ് ചടങ്ങുകൾക്കായി നാളെ തീർഥാടകർ മക്കയിൽ നിന്ന് മിനായിലേക്കു നീങ്ങിത്തുടങ്ങും. നാളത്തെ തിരക്കു കണക്കിലെടുത്ത് ഇന്ത്യൻ തീർഥാടകർ ഇന്നു രാത്രി തന്നെ മിനാ പ്രയാണം ആരംഭിക്കുമെന്ന് ഇന്ത്യൻ ഹജ് മിഷൻ മേധാവി നൂർ മുഹമ്മദ് ശൈഖ് അറിയിച്ചു. നാളെ ഉച്ചയ്ക്കു മുൻപ് മുഴുവൻ ഇന്ത്യൻ തീർഥാടകരെയും മിനായിലെത്തിക്കും.

ഞായറാഴ്ചയാണ് അറഫാ സംഗമം. ബുധനാഴ്ചയോടെ ഹജ് ചടങ്ങുകൾ പൂർത്തിയാകും. കിങ് അബ്ദുൽ അസീസ് പാലത്തിന്റെ ചുറ്റുവട്ടത്താണ് ഇന്ത്യൻ തീർഥാടകർ താമസിക്കുന്നത്. ഇപ്പോൾ മക്കയിലുള്ളവർ താമസസ്ഥലത്തു തന്നെ ഹജ് വേഷം(ഇഹ്റാം) ധരിക്കും. മദീനയിൽ നിന്നു വരുന്നവർ അബയാർ അലി മീഖാത്തിൽ നിന്നു ഹജ് വേഷത്തിലേക്കു മാറും.

തീർഥാടകർക്കു നൽകുന്ന ഹജ് പാസിനോടൊപ്പം അവരുടെ പേര്, രാജ്യം, പാസ്പോർട് നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ രേഖപ്പെടുത്തിയ ഇ–വളകളും നൽകുന്നുണ്ട്. തീർഥാടകർക്കുള്ള ബസുകളിൽ ജിപിഎസ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ജംറ സമുച്ചയത്തിനു സമീപമാണ് മിനായിൽ ഇന്ത്യൻ തീർഥാടകർക്കുള്ള തമ്പുകൾ ക്രമീകരിച്ചിരിക്കുന്നത്. ഇതുമൂലം കല്ലേറു കർമത്തിനായി അധികദൂരം നടക്കേണ്ടെന്ന സൗകര്യമുണ്ട്. മിനായിൽ ഇത്തവണ മൂന്നുലക്ഷം പേർക്കു കൂടിയുള്ള അധിക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

അറഫാ സംഗമത്തിനായി 1,20,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ശീതീകരിച്ച അത്യാധുനിക പന്തൽ സജ്ജമാക്കിക്കഴിഞ്ഞു. തീപിടിത്തം തടയാൻ ശേഷിയുള്ള വസ്തുക്കൾകൊണ്ടാണു പന്തൽ നിർമിച്ചിരിക്കുന്നത്. മക്കയിൽ ഇന്നലെ 43 ഡിഗ്രി സെൽഷ്യസും മദീനയിൽ 46 ഡിഗ്രി സെൽഷ്യസുമായിരുന്നു താപനില. ഇന്നു ഹറം പള്ളിയിലെ ജുമുഅയിൽ പങ്കെടുക്കുന്നതിനായി ഇന്നലെ മുതൽ തന്നെ തീർഥാടകർ പ്രവഹിക്കുകയാണ്. ഹജ് ക്ലാസുകളിൽ പങ്കെടുത്തും സംശയ നിവാരണം വരുത്തിയും ഹജ് കുറ്റമറ്റതാക്കാനുള്ള അവസാനവട്ട ശ്രമത്തിലാണു തീർഥാടകർ.

Your Rating: