Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ന് അറഫ സംഗമം

haj ഹജ് കർമങ്ങൾക്കായി ഇന്നലെ മിനായിലെത്തുന്ന തീർഥാടകർ

മക്ക ∙ അറഫയിൽ ഇന്ന് അതിരുകളില്ലാത്ത സാഹോദര്യത്തിന്റെ മഹാസംഗമം. വലുപ്പച്ചെറുപ്പങ്ങളില്ലാതെ അല്ലാഹുവിന്റെ വിനീത ദാസരായി ഒത്തുചേരുന്നത് 15 ലക്ഷത്തിലേറെ ഹജ് തീർഥാടകർ. ഇന്നലെ മിനായിൽ ഒരുമിച്ചുകൂടിയ തീർഥാടകർ ഇന്നു സുബഹി നമസ്കാരത്തിനു ശേഷം അറഫയിലേക്കു തിരിക്കും. ളുഹർ, അസർ നമസ്കാരങ്ങൾ ഒരുമിച്ചു നിർവഹിച്ചശേഷം അസ്തമയം വരെ അറഫയിൽ പ്രാർഥനകളിൽ മുഴുകും. സൗദി ശൂറ കൗൺസിൽ മുൻ അധ്യക്ഷൻ ഷെയ്ഖ് സാലിഹ് ബിൻ ഹാമിദായിരിക്കും അറഫ പ്രസംഗം നടത്തുക.

കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി അറഫ പ്രസംഗം ഗ്രാൻഡ് മുഫ്തി ഷെയ്ഖ് അബ്‌ദുൽ അസീസ് ആൽ അഷെയ്‌ഖിന്റേതായിരുന്നതിനാൽ ഇത്തവണത്തെ മാറ്റം ശ്രദ്ധേയം. അറഫയിൽ പ്രവാചകൻ മുഹമ്മദ് നബി നടത്തിയ പ്രസംഗത്തെ അനുസ്മരിച്ചുള്ളതാണ് അറഫ പ്രസംഗം. സൂര്യാസ്തമയത്തിനു ശേഷം തീർഥാടകർ മുസ്ദലിഫയിലേക്കു നീങ്ങും.
ഹജ് ചടങ്ങുകൾക്ക് ഇന്നലെയാണു തുടക്കമായത്. മക്ക ഹറം പള്ളിയിൽ പ്രാർഥനയ്ക്കു ശേഷം വെള്ളിയാഴ്ച രാത്രി മുതൽ തന്നെ തീർഥാടകർ മിനായിൽ എത്തിത്തുടങ്ങിയിരുന്നു. കൂടാര നഗരിയിലെങ്ങും തൽബിയത്ത് ധ്വനികൾ മുഴങ്ങിക്കൊണ്ടിരുന്നു.

മുഴുവൻ ഇന്ത്യൻ തീർഥാടകരെയും ഉച്ചയ്ക്കു മുൻപുതന്നെ മിനായിലെത്തിച്ചതായി ഹജ് മിഷൻ അറിയിച്ചു. വിവിധ സ്ഥലങ്ങളിൽ ചികിത്സയിലായിരുന്നവരെ ഇന്നലെത്തന്നെ അറഫയിലെ ആശുപത്രികളി‍ൽ എത്തിച്ചു. 38 മുതവ്വിഫുമാർക്കു കീഴിലാണ് ഇന്ത്യൻ തീർഥാടക സംഘം. ഓരോരുത്തർക്കും 3500 പേരുടെ ചുമതലയാണുള്ളത്. 65,000 ഇന്ത്യൻ തീർഥാടകർക്കാണ് ഇക്കുറി മശാഇർ ട്രെയിൻ സൗകര്യം ലഭ്യമാകുന്നത്. മറ്റു തീർഥാടകരുടെ യാത്ര പതിവുപോലെ ബസിലാണ്.

ഹറമിൽ വികസന പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇക്കൊല്ലവും ആഭ്യന്തര തീർഥാടകരുടെ എണ്ണത്തിൽ 50 ശതമാനവും വിദേശ തീർഥാടകരുടെ എണ്ണത്തിൽ 20 ശതമാനവും കുറവു വരുത്തിയിട്ടുണ്ട്. ജംറയിൽ കല്ലേറു കർമത്തിനായി തീർഥാടകർ പോകുന്ന 204, 206 റോഡുകളുടെ വികസനം പൂർത്തിയായതിനാൽ ഇത്തവണ തീർഥാടക നീക്കം കൂടുതൽ സുഗമമാകും.

Your Rating: